ചങ്ങനാശേരി: ആനപ്പൊക്കത്തോളം ആവേശം നിറയ്ക്കുന്ന ഇത്തിത്താനം ഗജമേള നാളെ 25-ാം വർഷത്തിൻ്റെ നിറവിലാണ് ഗജമേള. മധ്യകേരളത്തിലെ പ്രശസ്‌തമായ ഗജമേളയാണ് ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രാങ്കണത്തിൽ നടക്കുന്നത്.
പത്താമുദയ ഉത്സവത്തിൻ്റെ ഭാഗമായുള്ള കാവടി കുംഭകുട ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഗജവീരന്മാർക്ക് നാടും നാട്ടുകാരും നൽകിയ വരവേൽപ്പും ആവേശവും തിരിച്ചറിഞ്ഞ് 2000ൽ ക്ഷേത്രം ദേവസ്വം ആരംഭിച്ചതാണ് മേള. പതിനായിരക്കണക്കിന് ആനപ്രേമികൾ എത്തുന്നതോടെ ഇത്തിത്താനം ആനക്കമ്പക്കാരുടെ സംഗമഭൂമിയാകും.
നെറ്റിപ്പട്ടമോ ആടയാഭരണങ്ങളോ ഇല്ലാതെയാണ് ആനകളെ ഇത്തിത്താനം ഗജമേളയിൽ അണിനിരത്തുക. അഴകും അളവും നിലവും നിറയുന്ന ഗജവീരന്മാരുടെ ആനച്ചന്തം കാണാൻ പുരുഷാരം തിങ്ങിനിറയും. വിവിധ കരകളിൽനിന്നാരംഭിക്കുന്ന കാവടി കുംഭകുട ഘോഷയാത്രകളുടെ ഭാഗമായാണ് ആനകൾ ക്ഷേത്രത്തിലേക്ക് എത്തുന്നത്.
വിശ്രമത്തിനു ശേഷം ആനകളെ കുളിപ്പിച്ച് പുഷ്‌പവൃഷ്‌ടി നടത്തി സ്വീകരിച്ച് ക്ഷേത്രാങ്കണത്തിൽ അണിനിരത്തുന്നതോടെ ഗജമേളയ്ക്കു തുടക്കം. വ്യക്‌തമായ മത്സര നിബന്ധനകളോടെയാണു ഗജമേള. പാപ്പാന്മാർക്കു തോട്ടിയിട്ട് ആനകളുടെ തല കുത്തിപ്പൊക്കാനോ തല ഉയർത്താൻ നിർദേശം കൊടുക്കാനോ അനുവദിക്കില്ല. ഗജമേളയ്ക്കു തുടക്കമിട്ട് വെടി മുഴങ്ങുന്നതോടെ മാതംഗ സൂര്യന്മാർ ഉദിച്ചുയരും.
ആകാശത്തോളം തലപ്പൊക്കവുമായി കൊമ്പന്മാർ നിൽക്കും. അലങ്കാരങ്ങളില്ലാത്ത തങ്ങളുടെ തനിനിറം കരിവീരൻമാർ പുറത്തുകാട്ടുമ്പോൾ ആനപ്രേമികൾ നിലയ്ക്കാത്ത ആവേശവും ആരവും ആർപ്പുവിളിയും മുഴക്കും. അടുത്ത വെടി മുഴങ്ങുന്നതോടെ ആവേശത്തിനു സമാപനം. ശേഷം ഫലപ്രഖ്യാപനത്തിനുള്ള നിമിഷങ്ങൾ. തലപ്പൊക്കമേറിയ കൊമ്പനെ പ്രഖ്യാപിക്കും.
കാഴ്‌ചശ്രീബലിയിൽ തലപ്പൊക്കമേറിയ കൊമ്പൻ ദേവിയുടെ പൊൻതിടമ്പേറ്റും. ലക്ഷണത്തികവ് നിറഞ്ഞ ഗജവീരന് ഗജരാജരത്നം പട്ടം സമ്മാനിക്കും. പാമ്പാടി രാജനാണ് ഇത്തിത്താനം മേളയിൽ ഏറ്റവും കൂടുതൽ തവണ ഗജരാജരത്നം പട്ടം സ്വന്തമാക്കിയത്.
പങ്കെടുക്കുന്ന ഗജവീരന്മാർ
തൃക്കടവൂർ ശിവരാജു, പുതുപ്പള്ളി കേശവൻ, ഗുരുവായൂർ നന്ദൻ, തിരുവാണിക്കാവ് രാജഗോപാൽ, ഗുരുവായൂർ ബാലകൃഷ്ണൻ, വൈലാശേരി അർജുനൻ, പട്ടാമ്പി മണികണ്ഠൻ, ഉഷശ്രീ ശങ്കരൻകുട്ടി, നെല്ലിക്കാട് മഹാദേവൻ, ആക്കാവിള വിഷ്ണു നാരായണൻ, ഉണ്ണിപ്പിള്ളിൽ ഗണേശൻ, വേണാട്ടുമറ്റം ഗോപാലൻകുട്ടി, പെരിങ്ങിലിപ്പുറം അപ്പു, പേരൂർ ശിവൻ
കാണാം, ആനച്ചന്തം
9-ാം ഉത്സവദിനത്തിലാണ് മേള. കരകളിൽനിന്നു രാവിലെ 10ന് കാവടി കുംഭകുടം എഴുന്നള്ളിപ്പ്. വൈകിട്ട് 4ന് ഗജമേള ആരംഭിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ആനകളെ അണിനിരത്തുക. ജനങ്ങളെ ബാരിക്കേഡ് ഒരുക്കി സുരക്ഷിത അകലത്തിലാണു നിർത്തുക. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന മേളയായതിനാൽ പങ്കെടുക്കാനെത്തുന്നവർ അതിൻ്റെ വിശുദ്ധി സൂക്ഷിക്കണം.
ക്ഷേത്രാങ്കണത്തിൽ എത്താൻ
. എംസി റോഡിൽ കോട്ടയം ഭാഗത്തുനിന്ന് വരുന്നവർക്ക് കുറിച്ചി ഔട്പോസ്‌റ്റിനു ശേഷം അഞ്ചൽകുറ്റിയിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.
. എംസി റോഡിൽ ചങ്ങനാശേരി ഭാഗത്തുനിന്നെത്തുന്നവർക്ക് തുരുത്തി ജംക്‌ഷനിൽനിന്നു വലത്തേക്ക് തിരിഞ്ഞ് എത്തിച്ചേരാം.
. കിഴക്ക് ഭാഗത്ത് നിന്നെത്തുന്നവർ ചെത്തിപ്പുഴ – ഹോമിയോ കോളജ് റോഡിലൂടെ വന്ന് ചാലച്ചിറ ജംക്‌ഷനിൽ എത്തി തിരിഞ്ഞ് സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തിച്ചേരാം.
. ക്ഷേത്രത്തിനു സമീപത്തെ ഇത്തിത്താനം സ്‌ളിലും പരിസരപ്രദേശങ്ങളിലുമാണ് പാർക്കിങ് സൗകര്യം. ക്ഷേത്ര മൈതാനിയിലേക്ക് സ്വകാര്യ വാഹനങ്ങളുമായി എത്തരുത്. പൊലീസിന്റെ ഗതാഗത ക്രമീകരണമുണ്ടാകും.
