ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; നടപടി അമേരിക്കയുടെ നാവിക ഉപരോധം തുടരുന്നതിനിടെ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. യുഎസ് നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ നടപടി. ഹോർമുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോർമുസ് തുറന്നതോടെ ഇന്ത്യയിലേക്കുൾപ്പടെ കപ്പലുകൾ അവശ്യസാധനങ്ങളുമായി എത്തുകയുണ്ടായിരുന്നു. കൂടാതെ എണ്ണ വില 120 ഡോളറിൽ നിന്ന് കുറഞ്ഞതുമായിരുന്നു. അതേസമയം, ഇറാൻ-അമേരിക്ക രണ്ടാംഘട്ട സമാധാനചർച്ച തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കുമെന്ന് ഇറാൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഒരു മണിക്കൂറിൽ ട്രംപ് ഏഴ് അവകാശവാദങ്ങൾ നടത്തിയെങ്കിലും ഇവയെല്ലാം തെറ്റാണെന്നും നുണ പറഞ്ഞ് യുദ്ധം ജയിക്കാൻ അമേരിക്കയ്ക്കാവില്ലെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുമെന്ന ട്രംപിന്റെ വാദം ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് നിഷേധിച്ചു. എന്നാൽ കരാറിലൊപ്പിട്ടശേഷം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ കൈമാറിയില്ലെങ്കിൽ സൗഹാർദപരമല്ലാത്ത മാർഗത്തിലൂടെ അത് ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞു.