ന്യൂഡല്‍ഹി: ഇൻഡിഗോ വിമാന സർവീസുകള്‍ റദ്ദാക്കിയതിന് പിന്നാലെ മറ്റ് വിമാന കമ്ബനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെയുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടല്‍.
വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ് നിയന്ത്രിക്കാൻ ടിക്കറ്റ് നിരക്കില്‍ സിവില്‍ ഏവിയേഷൻ മന്ത്രാലയം പരിധി നിശ്ചയിച്ചു.
നിലവിലുള്ള തടസ്സങ്ങള്‍ക്കിടയില്‍ ചില വിമാനക്കമ്ബനികള്‍ ഈടാക്കുന്ന അസാധാരണമായി ഉയർന്ന വിമാന നിരക്കുകളെക്കുറിച്ച് ഉയർന്നുവന്ന ആശങ്കകള്‍ക്കിടെയാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍.
നിലവില്‍ നിശ്ചയിച്ചിട്ടുള്ള ടിക്കറ്റ് നിരക്ക് പരിധികള്‍ കർശനമായി പാലിക്കാൻ എല്ലാ വിമാനക്കമ്ബനികള്‍ക്കും ഔദ്യോഗിക നിർദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ ഈ പരിധികള്‍ പ്രാബല്യത്തില്‍ തുടരും.
ടിക്കറ്റ് നിരക്ക് നിയന്ത്രണം കൊണ്ടുവന്ന്, ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികള്‍, രോഗികള്‍ എന്നിവരുള്‍പ്പെടെ അടിയന്തിരമായി യാത്ര ചെയ്യേണ്ട പൗരന്മാർക്ക് ഈ കാലയളവില്‍ സാമ്ബത്തിക ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
