ട്രംപിന്റെ കര്‍ശന നിര്‍ദേശം; കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം ഇന്ത്യയിലേയ്ക്ക് തിരിച്ചു; അനധികൃതമായി താമസിക്കുന്നത് ഏകദേശം 18,000 ഇന്ത്യൻ കുടിയേറ്റക്കാർ

വാഷിംഗ്‌ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കർശന നിർദേശത്തിന് പിന്നാലെ യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്.

യുഎസിന്റെ സി-17 വിമാനമാണ് ആദ്യ സംഘം കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. യുഎസില്‍ ഏകദേശം 18,000 ഇന്ത്യൻ കുടിയേറ്റക്കാരാണ് അനധികൃതമായി താമസിക്കുന്നതെന്നാണ് റിപ്പോർട്ട്.

കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന യുഎസ് സൈനിക വിമാനങ്ങളുടെ ഏറ്റവും ദൂരെയുള്ള ലക്ഷ്യസ്ഥാനം ഇന്ത്യയായതിനാല്‍ കുറഞ്ഞത് 24 മണിക്കൂറിനുശേഷമായിരിക്കും വിമാനം തിരികെയെത്തുക.
7.25 ലക്ഷം ഇന്ത്യക്കാർ യുഎസില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് അനധികൃത കുടിയേറ്റക്കാർ കൂടുതല്‍. മലയാളികള്‍ കുറവാണ്. മടങ്ങുന്നവരുടെ എണ്ണം 30,000 വരെയാകാം.

രേഖകളില്ലാത്ത വ്യക്തികളെ കണ്ടെത്തുന്നതാണ് വലിയ വെല്ലുവിളി. മൊത്തം അനധികൃത കുടിയേറ്റക്കാർ 15 ലക്ഷത്തോളമാണ്. മടങ്ങുന്നവരുടെ എണ്ണത്തില്‍ മെക്‌സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും പിന്നിലാണ് ഇന്ത്യ.