അമേരിക്കയുടെ പിടിയിലായി ഇന്ത്യക്കാരനായ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥൻ; പിടിയിലായത് എണ്ണ ടാങ്കറിൽ നിന്ന്, തടവിലായത് വിവാഹത്തിന് നാട്ടിലെത്താനിരിക്കെ

അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് അമേരിക്ക പിടിച്ചെടുത്ത റഷ്യയുടെ പതാകയുള്ള എണ്ണ ടാങ്കറിൽ ഇന്ത്യക്കാരനായ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനും. ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ നിന്നുള്ള ഋക്ഷിത് ചൗഹാൻ ആണ് അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ അകപ്പെട്ടത്. വിവാഹത്തിന് അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവം. ഋക്ഷിത് ചൗഹാനെ വിട്ടുകിട്ടാനായി കേന്ദ്ര സ‍ർക്കാർ ഇടപെടണമെന്ന് നാവിക ഉദ്യോഗസ്ഥന്‍റെ കുടുംബം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ നിന്നുള്ള ഒരു വ്യാപാര നാവിക ഉദ്യോഗസ്ഥനായ ഋക്ഷിത് ചൗഹാൻ അടുത്ത മാസം വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുവെയാണ് അമേരിക്കയുടെ തടവിലാകുന്നത്.

ഋക്ഷിത് ക്രൂ അംഗമായി ജോലി ചെയ്തിരുന്ന റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ കഴിഞ്ഞയാഴ്ച വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ചാണ് അമേരിക്കൻ സൈന്യം പിടിച്ചെടുത്തത്. മരിനീര എന്ന കപ്പലിലെ മൂന്ന് ഇന്ത്യൻ ജീവനക്കാരിൽ ഒരാളാണ് 26 കാരനായ ഋക്ഷിത് ചൗഹാൻ. കുടുംബം പറയുന്നതനുസരിച്ച്, ജനുവരി 7ന് യുഎസ് സേന കപ്പൽ പിടിച്ചെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ ഋക്ഷിത് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി 19 ന് ഋക്ഷിത് ചൗഹാന്‍റെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെയാണ് അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായത്.