ഇനി സിനിമാക്കാലം: ഐഎഫ്‌എഫ്‌കെയ്ക്ക് ഇന്ന് തിരിതെളിയും: മുഖ്യമന്ത്രി ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും: ‘ഗുഡ് ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം: മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകൾ

തിരുവനന്തപുരം: 28ആമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും.

മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും.
നടൻ നാനാ പടേക്കര്‍ ആണ് മുഖ്യാതിഥി. മുഹമ്മദ് കൊര്‍ദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ‘ഗുഡ് ബൈ ജൂലിയയാണ് ഇത്തവണത്തെ’ ഉദ്ഘാടന ചിത്രം.

വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം. കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡും ഉദ്ഘാടന വേദിയില്‍ വച്ച്‌ സമ്മാനിക്കും.

യുദ്ധ വിരുദ്ധ സന്ദേശം നല്‍കാനാകണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ഗുഡ്‌ബൈ ജൂലിയയുടെ പ്രദര്‍ശനം യുദ്ധത്തിനെതിരെയുള്ള കേരളത്തിന്റെ നിലപാട് കൂടി സൂചിപ്പിക്കുന്നതാകുമെന്ന് സംശയമില്ല.

15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 14 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സര വിഭാഗത്തില്‍ ഏക മലയാള ചിത്രം തടവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയില്‍ ഒന്നാണ്.

പോര്‍ച്ചുഗീസ് സംവിധായിക റീത്ത അസെവെദോ ഗോമസ് ചെയര്‍പേഴ്സണായ ജൂറിയാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.
ഇന്ന് മുതല്‍ ഈ മാസം 15 വരെ നടക്കുന്ന മേളയുടെ ഭാഗമായി എക്‌സിമ്ബിഷനുകള്‍ , മീറ്റ് ദി ഡയറക്ടര്‍, മറ്റു കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും അരങ്ങേറും.