തിരുവനന്തപുരത്തുകാര്‍ കലിപ്പില്‍…! ഐഎഫ്‌എഫ്കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റില്‍ സൂചന; പ്രതിഷേധവുമായി തലസ്ഥാനത്തെ ചലച്ചിത്ര പ്രേമികള്‍

തിരുവനന്തപുരം: മൂന്ന് ദശാബ്‍ദക്കാലമായി തലസ്ഥാന നഗരി മാത്രം സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേളയെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റാൻ സർക്കാർ ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ പ്രതിഷേധവുമായി ചലച്ചിത്ര പ്രേമികള്‍.

മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയില്‍ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിലാണ് കൊച്ചിയില്‍ 100 കോടി രൂപ ചെലവില്‍ ‘ജെ സി ഡാനിയേല്‍ ഇന്‍റർനാഷണല്‍ ഫിലിം സിറ്റി’ സ്ഥാപിക്കുമെന്ന പ്രഖ്യാപനം.

ഇതിന് പിന്നാലെ ഐഎഫ്‌എഫ്കെയ്ക്ക് ഒരു സ്ഥിരം വേദിയൊരുക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് ഐഎഫ്‌എഫ്കെ കൊച്ചിയിലേക്ക് മാറുമെന്ന തരത്തില്‍ ചർച്ചകള്‍ തുടങ്ങിയത്.

മേളയുടെ സ്ഥിരം വേദി മാറ്റാനുള്ള സർക്കാരിന്‍റെ നീക്കം വലിയ സാങ്കേതിക പ്രതിസന്ധികള്‍ക്ക് കാരണമായേക്കാമെന്ന് ചലച്ചിത്ര പ്രമികള്‍ ചൂണ്ടിക്കാട്ടുന്നു.

‘ഇന്‍റർനാഷണല്‍ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻസിന്‍റെ’ അക്രഡിറ്റേഷനുള്ള ചലച്ചിത്ര മേളയാണ് ഐഎഫ്‌എഫ്കെ. ഈ അംഗീകാരം നിലനിർത്തണമെങ്കില്‍ മേളയ്ക്ക് ഒരു സ്ഥിരം വേദി ഉണ്ടായിരിക്കണം.

നിലവിലെ സ്ഥിരം വേദി മാറ്റിയാല്‍ അന്താരാഷ്ട്ര തലത്തിലുള്ള ഈ വലിയ അക്രഡിറ്റേഷൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തീരുമാനത്തിനെതിരെ തലസ്ഥാനത്തെ സമൂഹ്യമാധ്യമ കൂട്ടായ്മകളും പ്രവർത്തകരും രംഗത്തെത്തി.

നേരത്തെ, കൊവിഡ് മഹാമാരിയുടെ സമയത്ത് 25-ാമത് ഐഎഫ്‌എഫ്കെ നാല് മേഖലകളിലായി നടത്താൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മേള തിരുവനന്തപുരത്തു നിന്ന് മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് ആരോപിച്ച്‌ ശശി തരൂർ എംപിയും കെ എസ് ശബരീനാഥനും ഉള്‍പ്പെടെയുള്ള പ്രമുഖരും തലസ്ഥാനത്തെ വിവിധ കൂട്ടായ്മകളും അന്ന് രംഗത്തെത്തിയിരുന്നു.