ഇടുക്കി: ഹോസ്റ്റലില്‍ നല്ല ഭക്ഷണവും സ്വസ്ഥമായി കിടന്നുറങ്ങാൻ സ്ഥലവുമില്ലാതെ വിഷമിക്കുകയാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് പഠിക്കുന്ന പെണ്‍കുട്ടികള്‍.
തീർത്തും മോശമായ ഭക്ഷണമാണ് കഴിക്കാൻ നല്‍കുന്നത്. ഇടുങ്ങിയ മുറിയില്‍ പതിനെട്ട് പേർ വരെ തിങ്ങി ഞെരുങ്ങിയാണ് കിടന്നുങ്ങുന്നത്.
കഴിഞ്ഞ വർഷമാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് കോഴ്സ് ആരംഭിച്ചത്. രണ്ടു ബാച്ചുകളിലായി എല്ലാ ജില്ലകളില്‍ നിന്നുമുള്ള 120 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
സ്വന്തമായി ഹോസ്റ്റല്‍ കെട്ടിടം ഇല്ലാത്തതിനാല്‍ വിദ്യാധിരാജ സ്ക്കൂളിന്‍റെ കെട്ടിടമാണ് ലേഡീസ് ഹോസ്റ്റലാക്കി മാറ്റിയത്. 95 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്.
5500 രൂപ പ്രവേശന ഫീസ് വാങ്ങിയാണ് ഹോസ്റ്റലില്‍ മുറി നല്‍കിയത്. 4500 രൂപ വീതം മാസം തോറും ഹോസ്റ്റല്‍ ഫീസും നല്‍കണം. ഫീസ് നല്‍കിയിട്ടുപോലും മതിയായ സൗകര്യമൊരുക്കാൻ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും വല്ലാത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും വിദ്യാര്‍ത്ഥികളായ തസ്മി കാസിം, ഗൗരി കൃഷ്ണ എന്നിവര്‍ പറഞ്ഞു.
പലപ്പോഴും ഹോസ്റ്റലില്‍ പാമ്പുകളും മറ്റു ഇഴജന്തുക്കളും കയറാറുണ്ട്. ഭക്ഷണത്തിന് ചോറും വെറും വെള്ളം മാത്രമുള്ള എന്തെങ്കിലും ചാറ് മാത്രമായിരിക്കും ഉണ്ടാകുക. മെറിറ്റ് സീറ്റില്‍ വന്ന് പഠിക്കുന്ന തങ്ങള്‍ക്ക് യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
