രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ഇടുക്കിയില്‍ 2 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

ഇടുക്കി: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍.

ബംഗാള്‍ സ്വദേശി ഇസ്തം സര്‍ക്കാറാണ് തൊടുപുഴ വെങ്ങല്ലൂരില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ഇയാളില്‍ നിന്നും 2.100 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത പ്രതിയെ ഇടുക്കി എക്‌സൈസ് ആസ്ഥാനത്ത് എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ നാട്ടില്‍ ചില്ലറ വില്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് നിഗമനം. പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.