ഗുരുതരമായ സാഹചര്യം..! മഞ്ഞപ്പിത്തം, വൈറല്‍ പനി, ചിക്കൻപോക്സ്, മലേറിയ, ഡെങ്കിപ്പനി പടരുന്നു; കൂടുതല്‍ പേർക്ക് പിടിപെട്ടത് വൈറല്‍ പനി; ഇടുക്കിയില്‍ ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍; മുന്നറിയിപ്പുമായി ആരോഗ്യ വകപ്പ്

ഇടുക്കി: പുതുവർഷം പിറന്ന് ഒരുമാസം പിന്നിട്ടപ്പോള്‍ തന്നെ ഇടുക്കി ജില്ലയില്‍ വൈറല്‍ പനിയുള്‍പ്പെടെയുള്ള പകർച്ച വ്യാധികളും പടരുന്നു.

വൈറല്‍ പനിയാണ് കൂടുതല്‍ പേർക്ക് പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ ആരോഗ്യ വകപ്പ് ജാഗ്രത നിർദ്ദേശം നല്‍കി. ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 5983 പേരാണ് ഇടുക്കിയില്‍ ഈ വർഷം വൈറല്‍ പനി ബാധിച്ച്‌ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ എണ്ണം കൂടി ചേർത്താല്‍ പനി ബാധിതരുടെ എണ്ണം ഇനിയും വർധിക്കും.

തണുപ്പും ചൂടും മാറി മാറി വരുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ പനി ബാധിതരുടെ എണ്ണം കൂടാൻ കാരണം. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 36 കുട്ടികള്‍ക്കാണ് ജില്ലയില്‍ ചിക്കൻ പോക്സ് സ്ഥിരീകരിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച 11 പേരി‌ല്‍ ഏഴു പേർ പെരുവന്താനം പഞ്ചായത്തിലാണുള്ളത്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്. മുട്ടം, കല്ലാർവട്ടയാ‍ർ, തട്ടക്കുഴ, കാഞ്ചിയാർ,വണ്ടിപ്പെരിയാർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി പത്തു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ദേവികുളം, വാത്തിക്കുടി എന്നിവിടങ്ങളിലായി 24 പേർക്കാണ് മലേറിയ പിടിപെട്ടത്.

ഇടുക്കിയില്‍ പലയിടത്തും കുട്ടികളില്‍ മുണ്ടി നീര് രോഗവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഏഴു പേരാണ് കുഷ്ഠരോഗത്തിന് ചികിത്സയിലുളളത്.