‘ഭര്‍തൃമാതാവിനെ പരിചരിക്കേണ്ടത് ഇന്ത്യൻ സംസ്‌കാരത്തില്‍ സ്ത്രീയുടെ ഉത്തരവാദിത്തം’; ജാര്‍ഖണ്ഡ് ഹൈക്കോടതി

 

റാഞ്ചി: പ്രായാധിക്യമുള്ള ഭർതൃമാതാവിനെയും ഭർത്താവിന്റെ മുത്തശ്ശിയേയും പരിചരിക്കാൻ ഇന്ത്യൻ സംസ്‌കാരപ്രകാരം സ്ത്രീകള്‍ ബാധ്യസ്ഥരാണെന്ന് ജാർഖണ്ഡ് ഹൈക്കോടതി.കൃത്യമായ കാരണങ്ങളില്ലാതെ ഭർതൃവീട്ടില്‍നിന്ന് മാറി താമസിക്കാൻ സ്ത്രീകള്‍ ഭർത്താവിനുമേല്‍ സമ്മർദം ചെലുത്താൻ പാടില്ലെന്നും കോടതി പറഞ്ഞു.ഭരണഘടനയുടെ 51എ അനുച്ഛേദവും ബൃഹത് സംഹിതയും മനുസ്മൃതിയും ഉദ്ധരിച്ച്‌ കോടതി പറഞ്ഞു.

ഭർതൃവീട്ടില്‍ താമസിക്കാൻ വിസമ്മതിച്ച സ്ത്രീക്ക് 30,000 രൂപയും മകന് 15,000 രൂപയും ജീവനാംശം നല്‍കാൻ നിർദേശിച്ച കുടുംബകോടതി വിധിക്കെതിരെ ഭർത്താവ് നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ഭരണഘടനപ്രകാരം ഇന്ത്യയുടെ സമ്ബന്നമായ സാംസ്‌കാരിക പൈതൃകത്തിന് വില കല്‍പ്പിക്കേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണ്.

ഇന്ത്യൻ സംസ്‌കാരമനുസരിച്ച്‌ വയോധികരായ ഭർതൃമാതാവിനേയും അവരുടെ മാതാവിനേയും പരിചരിക്കേണ്ടത് വിവാഹശേഷം ഭർതൃവീട്ടില്‍ താമസിക്കുന്ന സ്ത്രീകളാണ്. ‘സ്ത്രീകള്‍ അസന്തുഷ്ടരായി തുടരുന്ന കുടുംബം നശിപ്പിക്കപ്പെടും. സ്ത്രീകള്‍ എപ്പോഴും സന്തോഷത്തോടെ കഴിയുന്ന കുടുംബം അഭിവൃദ്ധി പ്രാപിക്കും’-മനുസ്മൃതി ഉദ്ധരിച്ച്‌ കോടതി പറഞ്ഞു. സ്ത്രീയുടെ സംസാരം, നോട്ടം, സ്പർശം, ചിന്ത എന്നിവയെല്ലാം സന്തോഷം നല്‍കുന്നു.

അത്തരമൊരു രത്‌നത്തില്‍നിന്ന് പുത്രൻമാരും ആനന്ദവും ലഭിക്കുന്നു. സ്ത്രീയെ ബഹുമാനിക്കണമെന്നും ബൃഹത് സംഹിത ഉദ്ധരിച്ച്‌ ജസ്റ്റിസ് സുഭാഷ് ചന്ദ് പറഞ്ഞു.ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭർത്താവ് രുദ്ര നാരായണ്‍ സ്ത്രീധനം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ച്‌ ഹരജിക്കാരിയായ പിയാലി റേ ചാറ്റർജി സമർപ്പിച്ച കേസ് ജസ്റ്റിസ് സുഭാഷ് ചന്ദിന്റെ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നീരീക്ഷണം.

ഭർത്താവും ഭർതൃമാതാവും സ്ത്രീധനം ആവശ്യപ്പെട്ട് മർദിക്കുന്നുവെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍, മാതാവിനേയും മുത്തശ്ശിയേയും ഉപേക്ഷിച്ച്‌ മാറിത്താമസിക്കാൻ ഭാര്യ നിരന്തരം സമ്മർദം ചെലുത്തിയിരുന്നുവെന്നും തന്റെ അനുവാദമില്ലാതെ സ്വന്തം വീട്ടിലേക്ക് പോയെന്നുമായിരുന്നു ഭർത്താവിന്റെ വാദം.

മതിയായ കാരണമില്ലാതെയാണ് ഭാര്യയുടെ ആവശ്യമെന്ന് വിലയിരുത്തിയ കോടതി ജീവനാംശം നല്‍കണമെന്ന കുടുംബകോടതി വിധി റദ്ദാക്കി. പ്രായപൂർത്തിയാകാത്ത മകന്റെ ജീവനാംശം 25,000 രൂപയാക്കി വർധിപ്പിക്കുകയും ചെയ്തു.