തിരുവനന്തപുരം: ഇനി വരുന്നത് കൊടും ചൂടിന്റെ ദിനങ്ങള്‍.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് ശക്തമാകുമെന്നു മുന്നറിയിപ്പ്. 2025ല്‍, കഴിഞ്ഞ വര്‍ഷത്തെക്കാളും ചൂട് കൂടുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയിലും കൂടുതല്‍ ചൂടാണ് ജനുവരിയില്‍ അനുഭവപ്പെടുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, 2024ല്‍ ആണു സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. 2023 ആണ് തൊട്ടുപിന്നിലുള്ള വര്‍ഷം. എന്നാല്‍ മുന്‍വര്‍ഷങ്ങളേക്കാളും ഈ വര്‍ഷം ചൂടുകനക്കും.
ജനുവരിയില്‍ തന്നെ ചൂട് കൂടുന്ന സ്ഥിതിയാണ് നിലവില്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനുവരി മുതലേ ശക്തമായ ചൂട് തുടങ്ങി. കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 36.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്.
കോട്ടയത്ത് 36.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
കേരളത്തില്‍ അടുത്തടുത്ത വര്‍ഷങ്ങളിലായി താപനില ക്രമേണ ഉയരുന്ന പ്രവണതയാണ്. മുന്‍പ്, മാര്‍ച്ച് മാസം മുതലാണു ചൂട് വര്‍ധിച്ചിരുന്നതെങ്കില്‍ 2023,24 വര്‍ഷങ്ങളില്‍ ജനുവരി മുതലേ ചൂടിന്റെ കാഠിന്യമുണ്ട്.
2025 തുടക്കത്തിലും ഈ സ്ഥിതി തുടരുകയാണ്. വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ ഇടവിട്ട മഴയ്ക്കു സാധ്യതയുണ്ടെങ്കിലും ചൂടിന്റെ കാര്യത്തില്‍ നേരിയ ശമനമേ വരുത്തൂ. എല്ലാ ജില്ലകളിലും പൊതുവേ പകല്‍ താപനില ഉയര്‍ന്നു നില്‍ക്കും.
