അഞ്ച് ഹയര്‍ സെക്കൻഡറി അധ്യാപികമാരെ കോട്ടയത്തുനിന്നും മലബാറിലേക്ക് സ്ഥലം മാറ്റിയ നടപടി; പ്രതിക്ഷേധവുമായി ഭരണ പ്രതിപക്ഷ സംഘടനകള്‍

കോട്ടയം: ചങ്ങനാശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ 5 അധ്യാപികമാരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടിക്കെതിരെ ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്ത്.

സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎയും പ്രതിപക്ഷ സംഘടനയായ എച്ച്‌എസ്‌എസ്ടിഎയുമാണ് നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അധ്യാപികമാരെ സ്ഥലം മാറ്റിയ ഡിജിഇയുടെ നടപടിക്കെതിരെ കെഎസ്ടിഎ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്നതരത്തിലുള്ള മുൻ പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ പരാതിപ്പെട്ട അധ്യാപികമാരെ കേള്‍ക്കാതെ ഏകപക്ഷീയമായി സ്ഥലം മാറ്റുന്ന നടപടിയാണ് ഉണ്ടായതെന്ന് സംഘടന കുറ്റപ്പെടുത്തി.

അധ്യാപികമാരുടെ പരാതി ശരിവെക്കുന്ന രീതിയിലുള്ള വനിതാ കമ്മീഷൻ റിപ്പോർട്ട് നിലനില്‍ക്കെ, അതുപോലും മുഖവിലക്കെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോ ഡിജിഇയോ തയാറായില്ല. പ്രതികാര നടപടിയെന്ന നിലയിലാണ് അഞ്ച് അധ്യാപികമാരെ ദൂരസ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്.

ഈ അധ്യാപക ദ്രോഹനടപടികള്‍ പിൻവലിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കെഎസ്ടിഎ കോട്ടയം ജില്ലാ സെക്രട്ടറി കെ എസ് അനില്‍കുമാർ ആവശ്യപ്പെട്ടു.