ന്യൂഡല്‍ഹി: ഡേറ്റിങ് ആപ്പുകളും മെട്രോ നഗരങ്ങളിലെ കോഫിഷോപ്പുകളും കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ സാമ്പത്തികത്തട്ടിപ്പിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്നവിവരങ്ങള്‍.
ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവില്‍നിന്നും ഒരുലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
കോഫിഷോപ്പ് ഉടമകളും ജീവനക്കാരും യുവതികളും ഉള്‍പ്പെടെയുള്ളവരാണ് തട്ടിപ്പിന് പിന്നിൽ. കോഫിഷോപ്പിലേക്ക് വിളിച്ചുവരുത്തി വന്‍തുകയുടെ ബില്‍ നല്‍കി പണം കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ രീതിയെന്നും പോലീസ് പറയുന്നു.
ഇത്തരത്തില്‍ തട്ടിയെടുക്കുന്ന തുക കോഫി ഷോപ്പ് ഉടമകളും ജീവനക്കാരും തട്ടിപ്പില്‍ പങ്കാളികളാകുന്ന യുവതികളും പങ്കിട്ടെടുക്കാറാണ് പതിവ്. കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹി വികാസ് മാര്‍ഗിലെ ‘ബ്ലാക്ക് മിറര്‍ കഫെ’യിലെത്തിയ യുവാവിനാണ് ഇത്തരം തട്ടിപ്പില്‍ പണം നഷ്ടമായത്.
ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവതിയുടെ ജന്മദിനം ആഘോഷിക്കാനായി കഫെയിലെത്തിയ യുവാവില്‍നിന്ന് 1.21 ലക്ഷം രൂപ ബില്‍തുകയായി ബലംപ്രയോഗിച്ച് വാങ്ങുകയായിരുന്നു. തുടര്‍ന്ന് യുവാവ് പോലീസിനെ സമീപിച്ചതോടെയാണ് വന്‍ തട്ടിപ്പ് പുറത്തറിയുന്നത്.
ഡേറ്റിങ് ആപ്പായ ‘ടിന്‍ഡറി’ലാണ് പരാതിക്കാരന്‍ വര്‍ഷ എന്ന യുവതിയെ പരിചയപ്പെടുന്നത്. ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം വളര്‍ന്നതോടെ നേരില്‍ക്കാണാനും തന്റെ ജന്മദിനം ആഘോഷിക്കാനും വര്‍ഷ യുവാവിനെ ക്ഷണിച്ചു.
വികാസ് മാര്‍ഗിലെ ബ്ലാക്ക് മിറര്‍ കഫെയിലായിരുന്നു ജന്മദിനാഘോഷം. കഫെയിലെത്തിയ വര്‍ഷയും യുവാവും ഏതാനും പലഹാരങ്ങളും രണ്ട് കേക്കുകളും ശീതളപാനീയവുമാണ് കഴിച്ചത്. ഇതിനിടെ യുവതി വീട്ടില്‍ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് കഫെയില്‍നിന്ന് പോയി.
തുടര്‍ന്ന് ഭക്ഷണമെല്ലാം കഴിച്ച യുവാവ് ബില്‍ ആവശ്യപ്പെട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. പലഹാരങ്ങള്‍ക്കെല്ലാം കൂടി കഫെ ജീവനക്കാരന്‍ നല്‍കിയ ആകെ ബില്‍തുക 1.21 ലക്ഷം രൂപയായിരുന്നു.
ഇത് യുവാവ് ചോദ്യംചെയ്‌തെങ്കിലും ജീവനക്കാര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിര്‍ബന്ധിച്ച് യുവാവിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈന്‍ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്തു. കഫെ ഉടമകളിലൊരാളായ അക്ഷയ് പഹ്‌വയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പണം അക്കൗണ്ടിലെത്തിയെന്ന് ഉറപ്പായശേഷമാണ് കഫെ ഉടമയും ജീവനക്കാരും യുവാവിനെ വിട്ടയച്ചത്.
