ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. വേതന വര്‍ധനവ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമെണെന്നും ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണിതെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു. സംസ്ഥാനത്ത് ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ജയില്‍ മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ഏഴ് വര്‍ഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. മുന്‍പ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്. ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും.
