ഇന്നലെ പെയ്‌ത കനത്ത വേനൽ മഴയിൽ പാലായിൽ കനത്തവെള്ളക്കെട്ട്; വെള്ളം ഉയർന്നതോടെ പലയിടങ്ങളിലും ​ഗതാ​ഗത കുരുക്കുണ്ടായി; വേനൽക്കാലത്ത് ഓടകൾ നവീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം

പാലാ: ഇന്നലെ പെയ്‌ത കനത്ത വേനൽ മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. വെള്ളം ഉയർന്നതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിനു മുൻവശം, കെഎസ്ഇബിക്ക് മുൻവശം, മാർക്കറ്റ് ജംക്ഷൻ, കൊട്ടാരമറ്റം, അൽഫോൻസ കോളജിനു സമീപം, മൂന്നാനി, ഇടപ്പാടി എന്നിവിടങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ടാണ് ഉണ്ടായത്.

ഇന്നലെ വൈകിട്ട് 3 ന് ആരംഭിച്ച മഴ രണ്ടര മണിക്കൂറോളം നീണ്ടു നിന്നു. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ സെൻ്റ് തോമസ് സ്‌കൂളിനു മുൻ ഭാഗത്ത് ചെറിയ മഴയ്ക്കു പോലും വെള്ളം ഉയരുന്നത് പതിവാണ്. വെള്ളം ഒഴുകിപ്പോയിരുന്ന ചാൽ സ്വകാര്യ സ്ഥാപനങ്ങൾ അടച്ചതോടെയാണ് ഇവിടെ വെള്ളക്കെട്ട് നിത്യസംഭവമായത്.

മുൻകാലങ്ങളിൽ ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാറില്ലായിരുന്നു. ഏതാനും വർഷം മുൻപാണ് ചില സ്വകാര്യ സ്‌ഥാപനങ്ങൾ വെള്ളമൊഴുകി പോകുന്ന ചാൽ അടച്ചത്. മഴ പെയ്യുമ്പോൾ ഈ ഭാഗത്ത് രണ്ടടിയിലേറെ വെള്ളമുയരും. വെള്ളം ഒഴുകിപ്പോകാൻ മണിക്കൂറുകളെടുക്കും. ഈ സമയത്ത് വാഹനങ്ങൾക്ക് യാത്ര ദുഷ്കരമാണ്.

ഓടകൾ അടഞ്ഞു കിടക്കുന്നതിനാൽ ഏറെ സമയത്തിനു ശേഷമേ വെള്ളം ഒഴുകി പോകുകയുള്ളൂ. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ സമീപത്തെ കടകളിലേക്കും കാൽനടക്കാരുടെ ദേഹത്തേക്കും മലിനജലം തെറിക്കുന്നത് പതിവാണ്. അധ്യയന വർഷം ആരംഭിക്കുന്നതോടെ കുട്ടികളും ഇതുവഴി കടന്നുപോകാൻ ഏറെ കഷ്‌ടപ്പെടും. പ്രധാന റോഡിലെ തിരക്കേറിയ ഭാഗത്തെ വെള്ളക്കെട്ട് വാഹന ഗതാഗതത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.

വേനൽക്കാലത്ത് ഓടകൾ നവീകരിക്കാത്തതാണ് പല സ്‌ഥലത്തും വെള്ളക്കെട്ടിന് കാരണമാകുന്നത്. ഓടകളിൽ പ്ലാസ്‌റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടി വെള്ളമൊഴുക്ക് നിലച്ച അവസ്‌ഥയാണ്. മുൻകാലങ്ങളിൽ മഴക്കാലത്തിന് മുൻപേ ഓടകൾ നവീകരിക്കാറുണ്ടായിരുന്നു. എന്നാൽ ഏതാനും വർഷങ്ങളായി ഓട വൃത്തിയാക്കൽ നിലച്ചിരിക്കുകയാണ്. മഴ ശക്തമാകുന്നതിന് മുൻപു തന്നെ ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.