ഹൃദയാരോഗ്യം കുറഞ്ഞു വരികയാണോ? ലക്ഷണങ്ങളെ അവഗണിക്കാതെ കരുതിയിരിക്കാം!

പ്രായഭേദമന്യേ ഹൃദയത്തിന്റെ ആരോഗ്യം സംബന്ധിച്ച് വലിയ ആശങ്കകൾ ഇന്ന് ആളുകൾക്കിടയിൽ ഉണ്ടാകാറുണ്ട്. ഹൃദയ സ്തംഭനവും ഹൃദയാഘാതവും പ്രായഭേദമന്യേ എല്ലാവരേയും ഭയപ്പെടുത്തുന്ന ആരോഗ്യ പ്രശ്നം തന്നെയാണ്. മുന്‍പ് പ്രായമായവരില്‍ കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇന്ന് ചെറുപ്പക്കാരുടെ ജീവനും അപകടത്തിലാക്കുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിലും തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ആരോഗ്യ സംരക്ഷണം മനപ്പൂര്‍വ്വം മറന്നുകളയുകയാണ്. ആരോഗ്യ സംബന്ധമായ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും കാരണമാണ് അങ്ങനെ സംഭവിക്കുന്നതെന്ന് വിലയിരുത്തുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് ഇവയുടെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഹൃദയസ്തംഭനത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ് ക്രമേണെ കുറയുന്നതും ക്ഷീണം ഉണ്ടാകുന്നതുമാണ്. പ്രായമാകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടായി പലരും ഇതിനെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ലക്ഷണം ഹൃദയസ്തംഭനത്തിന്റെ സൂക്ഷ്മമായ മുന്നറിയിപ്പ് സൂചനയായി കണക്കാക്കാമെന്നാണ് വിദഗ്ദർ പറയുന്നത്.

ഇനി ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്. പലപ്പോഴും കൊഴുപ്പിന് പകരം ശരീരദ്രാവകങ്ങള്‍ അടിഞ്ഞുകൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് കുടലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് വിശപ്പ് കുറയുന്നതിനും ഭക്ഷണം കഴിഞ്ഞാലുടന്‍ വയറ് വീര്‍ക്കുന്നതിനും കാരണമാകും.

കാലുകളിലുണ്ടാകുന്ന നീര്‍വീക്കം മറ്റൊരു പ്രധാന കാരണമാണ്. തുടക്കത്തില്‍ ഈ ലക്ഷണം വൈകുന്നേരങ്ങളിലാണ് കാണപ്പെടുന്നത്. രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ഹൃദയാരോഗ്യം കൂടുതല്‍ തകരാറിലാകുമ്പോള്‍ നീര്‍വീക്കം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും. മാത്രമല്ല ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുകയും ശ്വാസതടസം, ചുമ, കിടക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാവുകയും ചെയ്യും. കൂടാതെ ചെരിപ്പിടുമ്പോള്‍ ഇറുക്കം തോന്നുന്നു, വയറ് വീര്‍ക്കുന്നു, ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വീക്കം ഉണ്ടാവുക എന്നിവയും ഹൃദയാരോഗ്യം തകരാറിലായതിന്റെ മറ്റ് ലക്ഷണങ്ങളാണ്.