ആലപ്പുഴ: ആലപ്പുഴയിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനെയാണ് കണ്ടതെന്ന് പോലീസ് അറിയിച്ചു.
നീർക്കുന്നത്തെ ബാറിൽ നിന്നായിരുന്നു ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ദൃശ്യം കഴിഞ്ഞ ദിവസം ലഭിച്ചത്. തുടർന്നായിരുന്നു പോലീസ് അന്വേഷണം. അമ്പലപ്പുഴ പോലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്.
അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ളൊരാളെ കാണുകയായിരുന്നു. സംശയം തോന്നിയയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ബണ്ടിച്ചോർ അവസാനമായി കോയമ്പത്തൂർ ജയിലിലായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാൾ ജയിൽ മോചിതനായോ എന്നും പോലീസ് പരിശോധിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടിച്ചോർ. തിരുവനന്തപുരത്തെ മോഷണക്കേസിൽ കേരളത്തിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
