ഹരിപ്പാട് : ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍.
തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബു ജീവനൊടുക്കിയ സംഭവത്തിലാണ് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയില്‍ സിന്ധുവിനെ (49) പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
നവംബർ 11നാണ് ബാബു ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ സിന്ധുവിനെതിരെ ബാബുവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
സിന്ധുവിൻ്റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഇവർ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ബാബുവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിൻ്റെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.
