വെറുതെയല്ല കഷണ്ടി വരുന്നത്..! ഈ തെറ്റുകള്‍ നിങ്ങളെ കഷണ്ടിയുള്ളവരാക്കുന്നു

കോട്ടയം: മുടി കൊഴിച്ചില്‍ കൂടുന്നത് ഒരു പരിധിവരെ നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ കൊണ്ടാണ്. മുടി കൊഴിച്ചില്‍, അറ്റം പിളരുക, കഷണ്ടിയാവുക ഇതെല്ലാം ഇന്നത്തെ തലമുറ നേരിടുന്ന വലിയ പ്രശ്നങ്ങളാണ്.

പക്ഷേ നിങ്ങളുടെ ദൈനംദിന ശീലങ്ങള്‍ ഈ പ്രശ്നത്തിന് കാരണമാകുന്നെങ്കില്‍ അതില്‍ മാറ്റം വരുത്തുക തന്നെ വേണം. ജനിതകശാസ്ത്രവും ഹോർമോണ്‍ അസന്തുലിതാവസ്ഥയും മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ടെങ്കിലും, പലരും അറിയാതെ തന്നെ ഒഴിവാക്കാവുന്ന തെറ്റുകള്‍ വരുത്തി സ്വന്തം തലമുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നു.

മോശം പരിചരണ രീതികള്‍ മുതല്‍ കഠിനമായ സ്റ്റൈലിംഗ് തിരഞ്ഞെടുപ്പുകള്‍ വരെ, മുടി കൊഴിച്ചില്‍ വർദ്ധിപ്പിക്കുന്ന സാധാരണ മുടി സംരക്ഷണ പിഴവുകളാണ്. അത്തരത്തില്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ എന്തെല്ലാമെന്ന് നോക്കാം.

മുടി കൂടുതല്‍ തവണ കഴുകുന്നത്: മുടി ഇടയ്ക്കിടെ കഴുകുന്നത് അതിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുകയും തലയോട്ടിയും മുടിയിഴകളും വരണ്ടതും പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യും. കാലക്രമേണ രോമകൂപങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകും. എണ്ണമയമുള്ള തലയോട്ടിക്ക് ആഴ്ച്ചയില്‍ കൂടുതല്‍ തവണ തല കഴുകുന്നത് നല്ലതാണ്. എന്നാല്‍ ആഴ്ചയില്‍ 2-3 തവണ കഴുകിയാല്‍ മതിയാകും.

ഇറുകിയ ഹെയർസ്റ്റൈലുകള്‍: മുടിയെ ഇറുക്കി വലിക്കുന്ന പോണിടെയിലുകള്‍, ബണ്‍സ്, ബ്രെയ്ഡുകള്‍ എന്നിവ നിങ്ങള്‍ക്ക് യോജിച്ചതായി തോന്നാം. പക്ഷേ അവ മുടി കൊഴിച്ചിലിന് കാരണമാകും. നിരന്തരമായ പിരിമുറുക്കം രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും കാലക്രമേണ തുടർന്നാല്‍ സ്ഥിരമായ നാശത്തിലേക്ക് നയിക്കുകയും ചെയ്യും.

സംരക്ഷണമില്ലാതെ ഹീറ്റ് സ്റ്റൈലിംഗ്: ഉയർന്ന താപനിലയില്‍ സ്ട്രൈറ്റനറുകള്‍, കേളിംഗ് അയണുകള്‍, ബ്ലോ ഡ്രയറുകള്‍ എന്നിവ പതിവായി ഉപയോഗിക്കുന്നത് മുടിയുടെ വേരുകള്‍ ദുർബലമാകാനും, പൊട്ടിപ്പോകാനും കാരണമാകും. തെർമല്‍ പ്രൊട്ടക്ടറില്ലാതെ നിങ്ങള്‍ ദിവസവും ചൂട് ഉപയോഗിക്കുകയാണെങ്കില്‍, മുടിയുടെ ഉള്ള് കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്.

തലയോട്ടിയുടെ സംരക്ഷണം: പലരും മുടിയിഴകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പക്ഷേ തലയോട്ടിയെ അവഗണിക്കും. ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് അടിസ്ഥാനം തലയോട്ടിയാണ്. കെമിക്കലുകളുടെയും പൊടിപടലങ്ങളുടെയും അടഞ്ഞുകൂടല്‍, വരണ്ടതോ ആയ തലയോട്ടി രക്തചംക്രമണം കുറയ്ക്കുകയും രോമകൂപങ്ങളിലേക്കുള്ള പോഷകങ്ങളുടെ വിതരണം തടസ്സപ്പെടുത്തുകയും ചെയ്യും, ഇത് മുടി കൊഴിച്ചിലിനും മങ്ങലിനും കാരണമാകും.

നനഞ്ഞ മുടി ചീകുന്നത്: നനഞ്ഞ മുടി ദുർബലമാണ്. കാരണം അതിന് ഇലാസ്തികത വർദ്ധിക്കുകയും പൊട്ടിപ്പോകാനുള്ള സാധ്യത ഈ സമയം കൂടുതലുമാണ്. നനഞ്ഞിരിക്കുമ്പോള്‍ മുടി ചീകുകയോ കെട്ടുകള്‍ വലിക്കുകയോ ചെയ്യുന്നത് ഇഴകള്‍ വലിച്ചുനീട്ടാനും പൊട്ടാനും ഇടയാക്കും. ഇത് പിന്നീട് കഷണ്ടിയാകാനും ഉള്ള് കുറയ്ക്കാനും കാരണമാകുന്നു.