ഗുരുവായൂരില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ചെയ്യുന്ന തെറ്റ്; ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ ഒരു കാര്യം മറക്കരുത്

കോട്ടയം: രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തരെത്തുന്ന പ്രശസ്‌തമായ ക്ഷേത്രമാണ് ഗുരുവായൂർ. ഉണ്ണിക്കണ്ണനെ കാണാനായി എത്ര തിരക്കുകളും മാറ്റിവച്ച്‌ ഭക്തർ എത്താറുണ്ട്.

എന്നാല്‍, ദർശനത്തിനെത്തുന്ന പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഗുരുവായൂർ ക്ഷേത്രദർശനം പൂർത്തിയാകണമെങ്കില്‍ മമ്മിയൂർ മഹാദേവനെ വണങ്ങണമെന്നാണ് ആചാരം.

ഗുരുവായൂരിനടുത്ത് തന്നെ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂർ ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. പാർവതിയും വലത് ഭാഗത്തായി ഗണപതിയും അയ്യപ്പനും ഇടത് ഭാഗത്തായി സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് ഇവിടുത്തെ പ്രതിഷ്‌ഠ.

നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒരു ക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ നടത്തിയതെന്നാണ് വിശ്വാസം. മമ്മിയൂർ മഹാദേവ ക്ഷേത്രത്തിനടുത്താണ് പുന്നത്തൂർ കോട്ടയും ആനക്കൊട്ടിലും. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ സാന്നിദ്ധ്യം ഗുരുവായൂർ ശ്രീകൃഷ്‌ണ ക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് വിശ്വസമുണ്ട്. അതിനാല്‍, ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നവർ മമ്മിയൂർ മഹാദേവ ക്ഷേത്രത്തില്‍ കൂടി സന്ദർശനം നടത്തിയാലേ ഗുരുവായൂർ ക്ഷേത്ര ദർശനം പൂർത്തിയാകൂ എന്നാണ് പറയപ്പെടുന്നത്.