ചങ്ങനാശേരി: നഗരമധ്യത്തില്‍ ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് വെട്ടേറ്റു. ബൈക്കിലെത്തിയ ആളെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയശേഷമാണ് വെട്ടിയത്. ചങ്ങനാശേരി സ്വദേശിയും ക്രിമിനല്‍ കേസില്പ്പെട്ടയാളുമായ ഷമീര്‍ സലീമി (ചോട്ടാ ഷമീര്‍)നാണ് വെട്ടേറ്റത്.
മാരകായുധങ്ങളുമായി കാറിലെത്തിയ നാലംഗ സംഘമാണ് വെട്ടിയത്. വെട്ടേറ്റ് രക്തം വാര്‍ന്ന് സമീപത്തെ മെഡിക്കല്‍ സ്റ്റോറിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറുകയും തുടര്‍ന്ന് റോഡില്‍ വീഴുകയും ചെയ്ത ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അക്രമം നടത്തിയ പ്രതികള്‍ വന്ന കാറില്‍ത്തന്നെ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ സലിമിനെ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി. അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അതിനാല്‍ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.
കൃത്യംനടന്ന പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും പോലീസിന് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞു. അക്രമത്തിനു പിന്നില്‍ നാല് പ്രതികളാണെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. വെട്ടേറ്റ ആളും വെട്ടിയ അക്രമികളുമായി ആറു മാസത്തിനിടയില്‍ നഗരത്തിലെ ഒരു ഹോട്ടലിലും ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുമായി രണ്ടുതവണ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
ഏപ്രില്‍ 24നുണ്ടായ അക്രമവുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഷമീര്‍ സലിം ഒന്നരയാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മുന്‍വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.
