തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് സർക്കുലർ.
പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർ ഓഫിസില്‍ ഹാജരാകുന്ന സമയം അവരുടെ കൈവശമുള്ള തുക എത്രയെന്നും സംബന്ധിച്ചും, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെയെന്നും സംബന്ധിച്ചുമുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിർദേശം.
ഉദ്യോഗസ്ഥർ കൈവശമുള്ള തുകയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുടെയും വിവരങ്ങള്‍ ഇങ്ങനെ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്നും പൊതുഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ സർക്കുലറില്‍ നിർദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സർക്കാർ ഓഫിസുകളില്‍ ഈ രജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
