തിരുവനന്തപുരം: വാഹന വ്യൂഹം കടന്നു പോകാൻ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ജനകൂട്ടത്തിനുള്ളില്‍ നിന്നും എസ്‌എഫ്‌ഐക്കാര്‍ പൈലറ്റ് വാഹനത്തിന്റെ മുന്നില്‍ വീഴുകയായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറിക്ക് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 7 പ്രതികള്‍ ഇപ്പോഴും റിമാൻഡിലാണ്.
കമ്മീഷണറോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും റൂട്ടിലുണ്ടായിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റൻറ് കമ്മിഷണര്‍, എസ്‌ഐ എന്നിവരില്‍ നിന്നും വിശദീകരണം തേടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കുക.
ഗവര്‍ണര്‍ക്കെതിരെ ഇന്നലെ തിരുവനന്തപുരത്തും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപമാണ് ഗവര്‍ണര്‍ക്ക് നേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. കോഴിക്കോട് നടന്ന പ്രതിഷേധത്തിന് പുറമെയാണിത്. കോഴിക്കോട്ട് നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ ഗവര്‍ണര്‍ക്കാണ് തിരുവനന്തപുരത്തും എസ്‌എഫ്‌ഐയുടെ പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വന്നത്.
ബിജെപി നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് താൻ പ്രവര്‍ത്തിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, താൻ പോയത് മുസ്ലിം ലീഗ് പ്രസിഡൻ്റിൻ്റെ മകൻ്റെ കല്യാണത്തിനാണ്. ഒരു സുരക്ഷാ പ്രശ്നവുമുണ്ടായിരുന്നില്ലെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കേരളത്തില്‍ ബിജെപി ഒരു പ്രധാന ശക്തിയാണോ എന്ന് ചോദിച്ച ഗവര്‍ണര്‍, മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ വഴിതിരിച്ചുവിടുന്നുവെന്നും വിമര്‍ശിച്ചു. കോഴിക്കോട്ടെ ജനങ്ങള്‍ കാണിച്ചത് വലിയ സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
