ഇന്ത്യൻ പരിശീലകനാകാൻ ഉപാധികള്‍ മുന്നോട്ടുവെച്ച്‌ ഗംഭീര്‍; ഒടുവില്‍ എല്ലാം സമ്മതിച്ച്‌ ബിസിസിഐ; ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഗൗതം ഗംഭീര്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്.

ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഗംഭീര്‍ ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഗംഭീറിനെ പരിശീലകാനായി ബിസിസിഐ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഗൗതം ഗംഭീര്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നുവെന്നും ഇത് ഒടുവില്‍ ബിസിസിഐ അംഗീകരിച്ചുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. സപ്പോര്‍ട്ട് സ്റ്റാഫായി താന്‍ നിര്‍ദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍വെച്ച പ്രധാന ഉപാധി. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്.

ഇതോടെ നിലവിലെ സപ്പോര്‍ട്ട് സ്റ്റാഫുകളായ ബാറ്റിംഗ് കോച്ച്‌ വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച്‌ പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച്‌ ടി ദിലീപ് എന്നിവര്‍ രാഹുല്‍ ദ്രാവിഡിനൊപ്പം സ്ഥാനമൊഴിയും. രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോഴാണ് സഞ്ജയ് ബംഗാറിന് പകരം വിക്രം റാത്തോഡ് ബാറ്റിംഗ് പരിശീലകനായി എത്തിയത്.

പിന്നീട് ദ്രാവിഡ് പരിശീലകനായപ്പോഴും റാത്തോഡ് സ്ഥാനത്ത് തുടര്‍ന്നു. ഇവരെയാണ് ഗംഭീര്‍ മാറ്റണമെന്ന് ഉപാധി മുന്നോട്ടുവെച്ചത്.