ടെക് ഭീമനായ ഗൂഗിളില്‍ കൂട്ട പിരിച്ചുവിടല്‍ ; ഗൂഗിള്‍ അസിസ്റ്റന്റ് സോഫ്റ്റ് വെയര്‍, ഡിവൈസസ്, സര്‍വീസസ് വിഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.

ചിലവ് ചുരുക്കലിന്റെ ഭാഗമായി ആറു ശതമാനം ജീവനക്കരെ പിരിച്ചുവിടുമെന്ന് കമ്ബനി നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഉല്പന്നങ്ങളില്‍ പുതിയ നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ സംയോജിപ്പിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ പുനഃസംഘടന ഗൂഗിള്‍ അസിസ്റ്റന്റിനെ മെച്ചപ്പെടുത്തുമെന്ന് ഗൂഗിള്‍ പറയുന്നു.

ഗൂഗിള്‍ അസിസ്റ്റന്റിന്റെ പുതിയ പതിപ്പില്‍ ഗൂഗിളിന്റെ ജനറേറ്റീവ് എഐ ചാറ്റ് ബോട്ട് ആയ ബാര്‍ഡ് ഉള്‍പ്പെടുത്തുമെന്ന് കമ്ബനി ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഗൂഗിളിലെ തന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്നും കമ്ബനി അറിയിച്ചു.

കമ്പനിയുടെ മാപ്പിങ് ആപ്പായ വേസില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടു. ഡിവൈസസ് ആന്റ് സര്‍വീസസ് ടീമില്‍ നിന്നും നൂറുകണക്കിന് പേരെ പിരിച്ചുവിടുന്നുണ്ട്.2023 ഡിസംബറില്‍ അവതരിപ്പിച്ച ജെമിനി എന്ന എഐ മോഡല്‍ കൂടുതല്‍ ഉല്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്ബനി പ്രഖ്യാപിച്ചിരുന്നു.

പരസ്യ വിതരണ സംവിധാനത്തില്‍ ഉള്‍പ്പടെ നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനും പരമാവധി ജീവനക്കാരെ ഒഴിവാക്കാനും കമ്ബനി പദ്ധതിയിടുന്നുണ്ട്.അതിനിടെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വെയറബിള്‍ ബ്രാന്‍ഡായ ഫിറ്റ്ബിറ്റിന്റെ സഹസ്ഥാപകരായ ജെയിംസ് പാര്‍ക്കും, എറിക് ഫ്രൈഡ്മാനും ഫിറ്റ്ബിറ്റിന്റെ നേതൃനിരയിലുണ്ടായിരുന്ന മറ്റുള്ളവരും ഗൂഗിള്‍ വിടുകയാണ്.കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളിലായി ഗൂഗിള്‍ നിശ്ചിത ഇടവേളകളില്‍ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്.

റിക്രൂട്ടിങ്, ന്യൂസ് വിഭാഗങ്ങളില്‍ നിന്ന് ഇതിന് മുമ്ബ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ജനുവരിക്ക് ശേഷം കമ്ബനിയില്‍ ഒരു കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടായിട്ടില്ല. അന്ന് 12000 പേരെയാണ് കമ്ബനി പിരിച്ചുവിട്ടത്. 2023 സെപ്റ്റംബറിലെ കണക്കനുസരിച്ച്‌ 18,0000 ജീവനക്കാര്‍ ഗൂഗിളിനുണ്ട്.