സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു; പവന് 240 രൂപയുടെ വർധന, സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശങ്ക

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വന്‍ വർധനവ്. പുതിയ വിപണി നിരക്കുകള്‍ പ്രകാരം 240 രൂപയുടെ വർധനവോടെ ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 119040 രൂപയിലെത്തി. ഗ്രാമിന് 30 രൂപയുടെ വർധനവോടെ 14,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ വിലയിൽ 10200 രൂപയുടെ ഞെട്ടിക്കുന്ന വർധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം 5000ത്തിലേറെ രൂപയുടെ ഇടിവുണ്ടായിരുന്നു.

 

18 കാരറ്റ് സ്വർണ്ണവിലയിലും സമാനമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 25 രൂപ വർധിച്ച് 12,175 രൂപയിലും പവന് 200 രൂപ വർധിച്ച് 97,400 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന. ആഗോളതലത്തിൽ സ്വർണ്ണവില ഔൺസിന് 4,685.9 ഡോളർ എന്ന നിരക്കിലേക്ക് താഴ്ന്നുവെങ്കിലും, ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ വില ഉയരാൻ പ്രധാന കാരണം കേന്ദ്ര സർക്കാർ അടുത്തിടെ വരുത്തിയ ഇറക്കുമതി തീരുവ വർധനവാണ്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുത്തനെ ഉയർത്തിയത് പ്രാദേശിക വിപണിയിൽ വില കൂടാൻ ഇടയാക്കി.

നിലവിലെ വിപണി സാഹചര്യം വിലയിരുത്തിയാൽ, വരാനിരിക്കുന്ന വിവാഹ സീസണും ഉത്സവങ്ങളും സ്വർണ്ണത്തിന് വലിയ രീതിയിലുള്ള ഡിമാൻഡ് സൃഷ്ടിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ വിലക്കയറ്റം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഉടന്‍ തന്നെ സ്വർണവില വലിയ ഇടിവിലേക്ക് പോകുമെന്ന പ്രതീക്ഷ വേണ്ടെന്നും നിലവിലെ വിപണി സാഹചര്യം വിലയിരുത്തിക്കൊണ്ട് വിദഗ്ധർ അഭിപ്രായപ്പെടുന്നു.