സ്വർണ വില പിടിവിട്ടുയരുമെന്ന് വിദഗ്‌ദ്ധർ; വെറും മൂന്നാഴ്ച കൊണ്ട് വർധിച്ചത് 10,720 രൂപ

സ്വർണ്ണവും വെള്ളിയും കഴിഞ്ഞ മൂന്ന് ആഴ്ചയിലെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി. സ്പോട്ട് മാർക്കറ്റിൽ വെള്ളി വില കിലോയ്ക്ക് 15,000 രൂപ ഉയർന്ന് 2,65,550 ആയി. സ്വർണ്ണ വില 10 ഗ്രാമിന് 3,362 വർധിച്ച് 1,58,428 രൂപയും ആയി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ താരിഫുകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് ഡോളർ ദുർബലമായതിനാലാണിത്. യുഎസ് സുപ്രീം കോടതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നടപടികൾക്കെതിരെ നിർണായക വിധി പ്രഖ്യാപിച്ചതോടെ ഡോളർ ഇടിഞ്ഞു. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്കും വെള്ളിയിലേക്കും തിരിഞ്ഞതോടെ വില കത്തിക്കയറി.

രാജ്യാന്തര വിപണിയിലും സ്വർണം വെള്ളി ഫ്യൂച്ചഴ്സ് വിലയിൽ വലിയ മുന്നേറ്റമുണ്ട്. കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ്ണം ഔൺസിന് 5,177 ഡോളർ വരെ എത്തുകയും, വെള്ളി ഫ്യൂച്ചഴ്സ് വില ഏകദേശം 5.58% ഉയർന്ന് 86.93 ഡോളർ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. 1,07,920 രൂപ എന്ന ഫെബ്രുവരി രണ്ടിലെ വിലയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിലവാരം . മൂന്നാഴ്ചകൾക്കിപ്പുറം 10,720 രൂപയാണ് പവന് വര്‍ധിച്ചത്. തീരുവയുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ആഗോള സംഘർഷങ്ങളും തുടരുന്നതിനാൽ സ്വര്‍ണവില ഉയരാനിടയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.