സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം; പവന് 160 രൂപ കുറഞ്ഞു

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 1,18,560 രൂപയാണ് വില. ഗ്രാമിന് 14,820 രൂപയും. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ഇന്നലത്തെ വിലയുമായി ചേര്‍ത്ത് നോക്കുമ്പോള്‍ 20 രൂപയുടെ കുറവുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 97,400 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 12,175 രൂപയും. 120 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഇന്നുണ്ടായത്. എന്നാല്‍ ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 ആയിരുന്ന വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.

സ്വര്‍ണവിലയില്‍ ദിനംപ്രതി ഉണ്ടാകുന്ന മാറ്റങ്ങള്‍ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. വരും മാസങ്ങളില്‍ വിലയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ എന്താകും, വില കുറയാന്‍ സാധ്യതയുണ്ടോ എന്നൊക്കയുള്ള സംശയങ്ങളാണ് പലര്‍ക്കും. എന്നാല്‍ വില ഇനിയും കൂടാന്‍ സാധ്യതയുണ്ട് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാരണം ഇനിയും താരീഫ് വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിക്കഴിഞ്ഞു. താരിഫ് ചുമത്തിയ ട്രംപിന്റെ നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നെങ്കിലും വീണ്ടും താരിഫ് ചുമത്തുമെന്നാണ് ഇന്നലെ ട്രംപ് നല്‍കിയ സൂചന. അതിനാൽ സ്വർണവിലയിൽ ഉൾപ്പടെ വർധന ഉണ്ടാകാനാണ് സാധ്യത.