ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്ന് രാവിലെയും വിലയിൽ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് ഉച്ചയോടെ സ്വർണവില വീണ്ടും താഴേക്ക്. നിലവിൽ 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1040രൂപ കുറഞ്ഞ് 1,24,080രൂപയായി. ഗ്രാമിന് 130രൂപ കുറഞ്ഞ് 15,510രൂപയാണ് നിലവിലെ വില. അതേസമയം 18കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 840 രൂപ കുറഞ്ഞ് 1,01,920രൂപയാണ് വില. ആഗോളവിപണയിലെ വിലക്കുറവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. ഉയർന്ന് വന്ന വെള്ളിവിലയും താഴേക്ക് പോകുന്നുണ്ട്. ഡോളറിന്റെ തിരിച്ചുവരവും രണ്ട് ലോഹങ്ങളുടെയും വിലയെ സ്വാധീനിച്ചിട്ടുണ്ട്.
സ്വര്‍ണത്തിന് ഇന്നലെയും ഇന്നും ഉണ്ടായ വിലക്കുറവും, വെള്ളിയുടെ വില കുറഞ്ഞതും ആശ്വാസമായി കണക്കുകൂട്ടാമെങ്കിലും ഈ മാസം ഉണ്ടായ വിലക്കയറ്റം സമാനതകളില്ലാത്തതാണ്. യുഎസും മറ്റ് ലോക ശക്തികളും തമ്മിലുള്ള ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലോഹങ്ങള്‍ക്കും ഭൗതിക ആസ്തികള്‍ക്കുമുളള ആവശ്യകത വര്‍ധിപ്പിച്ചു. യുഎസ് സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന അനിശ്ചിതത്വത്തിനിടയില്‍ ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതും യുഎസ് പലിശ നിരക്കുകളെക്കുറിച്ചുളള അനിശ്ചിതത്വവും ലോഹ വിപണികള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്.
