രാവിലെ കുത്തനെ കൂടിയ സ്വർണവില ഉച്ചയോടെ ഇടിഞ്ഞു. പവന് നാലായിരം രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,19,120 രൂപയായി. ഗ്രാമിന് 500 രൂപയും കുറഞ്ഞു. രാവിലെ ഒരു പവന് 10,200 രൂപയാണ് കൂടിയിരുന്നു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15% ഉയർത്തിയതോടെയാണ് സ്വർണ്ണവില കുത്തനെ കൂടിയത്. ഇന്ത്യ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെ റോക്കറ്റ് പോലെ കുതിച്ചുയരുകയായിരുന്നു സ്വർണ്ണവില. വിദേശ നാണ്യ കരുതൽ ശേഖരത്തിന്റെ സമ്മർദ്ദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുവ 15% ആക്കി ഇന്ത്യ ഉയർത്തിയത്. രൂപയുടെ വിലയിടിവിനെ പ്രതിരോധിക്കാൻ തീരുമാനം സഹായിക്കും എന്നാണ് വിലയിരുത്തൽ.
ഇന്നലെ അർധരാത്രിയോടെ കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 5 ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസുമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ ആഭരണ നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾക്കും പ്ലാറ്റിനത്തിനും ഈ തീരുവ ബാധകമാണ്. അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായത്.
