സ്വർണവില കുതിച്ചുയരുമെന്ന പ്രതീക്ഷകൾക്കിടയിൽ ഇന്നും വില ഇടിഞ്ഞു; ഗ്രാമിന് 90 രൂപയുടെ കുറവ്

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണവില കുതിച്ചുയരുമെന്ന പ്രതീക്ഷകൾക്കിടെ ഇന്നും വിലയിടിഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,18,240 രൂപയാണ് വില. ഗ്രാമിന് 14,780 രൂപയും. ഇന്നലെ ഒരു പവന് 1,18,960 രൂപയായിരുന്നു. പവന് 720 രൂപയുടെയും ഗ്രാമിന് 90 രൂപയുടെയും കുറവാണ് ഇന്ന് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 12,200 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 97,600 രൂപയും. ഇന്നലെ ഒരു പവന് 98,200 രൂപയായിരുന്നു. എന്നാല്‍ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമാണ് ഇന്നത്തെ വെള്ളിവില.

ഇക്കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ പവന് 1,500 രൂപയില്‍ ഏറെ കുറവുണ്ടായിട്ടുണ്ട്. രാജ്യാന്തര വില ഇന്ന് ഔണ്‍സിന് 5,114 ഡോളറാണ്. ഇപ്പോള്‍ കാണുന്ന വിലക്കുറവിനെ വിശ്വസിക്കേണ്ടതില്ലെന്നും വിപണി വിദഗ്ധര്‍ പറയുന്നു. പക്ഷേ നിലവില്‍ പ്രതീക്ഷയ്ക്ക് വിപരീതമായി സ്വര്‍ണ വിപണിയില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാകുന്നില്ല. യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വില കുറയുകയായിരുന്നു. ഡോളറിന്റെ കരുത്താണ് സ്വര്‍ണവില നിലവില്‍ ഉയരാതിരിക്കാനുള്ള കാരണമായി കണക്കാക്കുന്നത്.