ഇന്നലത്തെ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ വർധന; വിലവർധന അക്ഷയ തൃതീയ അടുത്തിരിക്കെ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. അക്ഷയ തൃതീയ അടുത്തിരിക്കെയാണ് വിലവർധന. നാളെയാണ് അക്ഷയ തൃതീയ ദിനം. ഗ്രാമിന് 75 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയും ഇന്ന് കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,14,240 രൂപയായി. ഗ്രാമിന് 14,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുവെന്ന വാര്‍ത്തയും ഇറാന്‍ ഒടുവില്‍ വഴങ്ങിയെന്ന ട്രംപിന്റെ പ്രഖ്യാപനവും ആഗോള വിപണിയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. യുഎസ് ക്രൂഡ് വില 1.49 ശതമാനം കുറഞ്ഞു. സ്വര്‍ണവില 10 ഡോളര്‍ കുറഞ്ഞിരുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് നിരക്ക്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.