മരുന്നുകളുമായി വരുന്ന ട്രക്കുകള്‍ തെക്കൻ ഗാസയിലേക്ക് പോകണം; വടക്കൻ ഗാസയിലേക്ക് കടക്കുന്നത് തടയുമെന്ന് ഇസ്രയേല്‍; ഇന്ധനം എത്തിക്കാനും അനുമതിയില്ല

ഗാസ: ഈജിപ്റ്റിനും ഗാസയ്ക്കും ഇടയിലുള്ള ഏക ക്രോസിംഗ് പോയിന്റായ റാഫ അതിര്‍ത്തി തുറന്നതോടെ അവശ്യ മരുന്നുകളുമായുള്ള ആദ്യ ട്രക്കുകള്‍ ഗാസയില്‍ എത്തി.

20 ട്രക്കുകളാണ് ഗാസയിലേക്ക് കടത്തിവിട്ടത്. മാനുഷിക സഹായങ്ങളുമായി വരുന്ന ട്രക്കുകള്‍ തെക്കൻ ഗാസയിലേക്ക് മാത്രമേ കടത്തിവിടുകയുള്ളൂ എന്ന് ഇസ്രയേല്‍ സേന അറിയിച്ചു.

വടക്കൻ ഗാസയിലേക്ക് ട്രക്കുകള്‍ കടക്കുന്നത് തടയും. അവശ്യമരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ ഗാസയിലേക്ക് എത്തിക്കുന്നത്. ഇന്ധനം എത്തിക്കാൻ ഇസ്രയേല്‍ അനുമതി നല്‍കിയിട്ടില്ല.

ചുരുങ്ങിയത് 2000 ട്രക്ക് അവശ്യസാധനങ്ങള്‍ ഗാസയ്ക്ക് വേണമെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സേവന ഡയറക്ടര്‍ മൈക്കിള്‍ റയാൻ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഗാസയില്‍ എത്തിക്കുന്ന മെഡിക്കല്‍ സാമഗ്രികള്‍ ഒന്നിനും തികയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനം ഗെബ്രിയേസസ് പറഞ്ഞു.

23 ലക്ഷത്തോളം പേര്‍ വസിക്കുന്ന ഗാസയില്‍ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.