ഇസ്രയേല്‍ സൈന്യം ഗാസയില്‍; കരയുദ്ധം ആരംഭിച്ചതായി റിപ്പോര്‍ട്ട്; മരണം 6000 കടന്നു

ഗാസ: കരയുദ്ധത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസ്.

ഗാസയില്‍ പ്രവേശിച്ച സൈന്യത്തെ തങ്ങള്‍ നേരിട്ടുവെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഗാസയിലെ രക്തകലുഷിതമായ രാത്രികളില്‍ ഒന്നായിരിക്കും ഇതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഗാസയിലെ റെസിഡൻഷ്യല്‍ മേഖലയിലും ജബലിയ അഭയാര്‍ഥി ക്യാമ്ബിലും ഗാസയ്ക്കരികിലുള്ള അല്‍-ഷിഫ, അല്‍-ഖുദ്സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രയേല്‍ ബോംബാക്രമണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണത്തില്‍ നൂറുക്കണക്കിനുപേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

വെസ്റ്റ് ബാങ്കില്‍ അര്‍ധരാത്രിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ രണ്ട് പലസ്തീൻ പൗരന്മാരെ കൊലപ്പെടുത്തിയിരുന്നു. ഇതുവരെയായി ഇസ്രയേല്‍ ആക്രമണത്തില്‍ 5087 പലസ്തീൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 1400ലേറെ ഇസ്രയേലികള്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.