ഓഫീസിലെത്തിയാല്‍ രേഖകള്‍ പരിശോധിക്കാം; എൻ പ്രശാന്തിന് മറുപടിയുമായി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ച എൻ പ്രശാന്ത് ഐഎഎസിന് മറുപടിയുമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ.

ഓഫീസിലെ ബന്ധപ്പെട്ട സെക്‌ഷനില്‍ എത്തിയാല്‍ പ്രശാന്തിന് രേഖകള്‍ പരിശോധിക്കാമെന്ന് ശാരദ മുരളീധരൻ വ്യക്തമാക്കി.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ അവഹേളിച്ചതിന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചത്.
സസ്‌പെൻഷന്റെ ഭാഗമായി നല്‍കിയ കുറ്റപത്രത്തിന് പ്രശാന്ത് ഇനിയും
മറുപടിനല്‍കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

മറുപടി നല്‍കാൻ 15 ദിവസംകൂടി പ്രശാന്തിന് നീട്ടിനല്‍കുകയും സസ്‌പെൻഷൻ തുടരാൻ ഉത്തരവിട്ടതിനും പിന്നാലെയാണ് വിവാദത്തില്‍ ചീഫ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഏഴ് കത്തുകള്‍ നല്‍കിയെന്നും മറുപടിനല്‍കിയില്ലെന്ന മാധ്യമവാർത്തകള്‍ വ്യാജമാണെന്നും ശനിയാഴ്ച ഫെയ്‌സ്ബുക്കില്‍ പ്രശാന്ത് പോസ്റ്റിട്ടു.