പൊലീസിന്‍റെ മുന്നറിയിപ്പ്…..! പാഴ്സലിന്‍റെ പേരിലെ കോളുകളില്‍ ജാഗ്രത വേണം; തിരുവനന്തപുരത്ത് നടന്നത് വമ്പൻ തട്ടിപ്പ്

തിരുവനന്തപുരം: പാഴ്സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച്‌ പണം തട്ടുന്ന ഓണ്‍ലൈൻ സംഘങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പുമായി കേരള പൊലീസ്.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന വമ്ബൻ തട്ടിപ്പിന്‍റെ വിവരം പങ്കുവച്ചാണ് ഫേസ്ബുക്ക് പേജിലൂടെയുള്ള പൊലീസിന്‍റെ മുന്നറിയിപ്പ്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയച്ച പാഴ്സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച്‌ പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച്‌ ജാഗ്രത വേണമെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരത്ത് ‘പാഴ്സല്‍’ തട്ടിപ്പിന് ഇരയായ ആള്‍ക്ക് നഷ്ടപ്പെട്ടത് രണ്ടേകാല്‍ കോടി രൂപയാണ്.

പാഴ്സലില്‍ എം ഡി എം എ പോലുള്ള ലഹരി മരുന്നുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാകും ഫോണ്‍ വിളിയെത്തുക. സി ബി ഐ, കസ്റ്റംസ് ഓഫീസര്‍, സൈബര്‍ ക്രൈം ഓഫീസര്‍ എന്നൊക്കെ പറഞ്ഞാണ് വിളി വരികയെന്നും വ്യാജ ഐഡികള്‍ കാണിച്ചേക്കുമെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്.

അതുകൊണ്ട് പാഴ്സല്‍ അയച്ചശേഷം ഇത്തരം ഫോണ്‍കോളുകള്‍ വന്നാല്‍ പൊലീസിനെ വിളിക്കണമെന്ന് പറഞ്ഞ് 1930 എന്ന സൈബര്‍ പൊലീസിന്റെ ഹെല്‍പ്പ് ലൈൻ നമ്പറും പങ്കുവച്ചിട്ടുണ്ട്.