കുട്ടനാട്: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പു നടത്തിയ തിരുവനന്തപുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാന വ്യാപകമായി ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ നെടുമങ്ങാട് ഉഴമലയ്ക്കല്‍ പഞ്ചായത്ത് 2-ാം വാര്‍ഡില്‍ കുര്യാത്തി താജ് മന്‍സില്‍ വീട്ടില്‍ താജുദീനെ ആണു (54) കൈനടി പൊലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലങ്ങോളം ഇങ്ങോളമായി നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്.
നിരവധി പേര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. നിലവില്‍ കോയമ്പത്തൂര്‍ സൗത്ത് ഉക്കടത്താണ് താമസിക്കുന്നത്. പ്രദീപ് നായര്‍, വിജയകുമാര്‍, സന്തോഷ് എന്നീ പേരില്‍ പല സ്ഥലങ്ങളില്‍ ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
പല ജില്ലകളിലും ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, പല ബാങ്കുകളുടെ 15 എടിഎം കാര്‍ഡുകള്‍, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഇയാളില്‍നിന്നു പിടിച്ചെടുത്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 പേരില്‍ നിന്ന് ഏകദേശം ഒന്നര കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
