യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പറന്ന വിമാനത്തിന് സാങ്കേതിക തകരാര്‍; കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ്

കോഴിക്കോട്: യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാരേയും കൊണ്ട് വന്ന വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്.

ദുബായില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്
ഇത്തരത്തില്‍ ലാന്‍ഡ് ചെയ്തത്.

വിമാനത്തിന്റെ ഹൈഡ്രോളിക് പ്രശ്‌നം കാരണം ലാന്‍ഡിംഗ് ഗിയര്‍ വര്‍ക്കാകാത്ത സ്ഥിതിയുണ്ടായി. തുടര്‍ന്നാണ് പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. തുടര്‍ന്ന് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കരിപ്പൂരില്‍ വിമാനങ്ങളുടെ ലാന്‍ഡിംഗ്, ടേക്കോഫ് സമയത്ത് പക്ഷികളുടെ ശല്യം ഒഴിവാക്കാനും പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വിമാനത്തിന്റെ സമീപത്തേക്ക് പക്ഷികള്‍ എത്തിയാല്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിന്റെ ശക്തി കാരണം ഇത് പക്ഷികളെ ഉള്ളിലേക്ക് വലിച്ചെടുക്കുകയും തുടര്‍ന്ന് എഞ്ചിന്‍ തകരാറിലാകുകയും ചെയ്യും.

ഇതോടെയാണ് അപകടങ്ങള്‍ക്ക് സാദ്ധ്യത ഉയരുന്നത്. ഈ ആശങ്ക പരിഹരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നത് 25 അംഗ സംഘമാണ്. മൂന്ന് വ്യത്യസ്ത ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഈ സംഘം പ്രവര്‍ത്തിക്കാറുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് വിമാനത്താവള അതോറിറ്റി ഈ ജീവനക്കാര്‍ക്ക് ശന്പളം നിശ്ചയിച്ചിട്ടുള്ളത്.