തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; സംഭവം മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ , തീ നിയന്ത്രണ വിധേയമായി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ കെട്ടിടത്തില്‍ നിന്ന് മാറ്റി. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലാണ് തീപിടിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായതിന് പിന്നാലെ അഗ്നിശമന സേന ആശുപത്രിയിലെത്തി. തീ നിയന്ത്രണവിധേയമാണെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വെന്റിലേറ്റര്‍ യൂണിറ്റില്‍ നിന്നാണ് തീ പിടിച്ചത്. തീ പടരാതിരിക്കാന്‍ ഓക്‌സിജന്‍ ഓഫ് ചെയ്തു. രോഗികളെ വെന്റിലേറ്ററോട് കൂടി മാറ്റി. ആര്‍ക്കും ആപത്തില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബ്ലോക്കിൽനിന്ന് എല്ലാ രോഗികളെയും ജീവനക്കാരെയും മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു. 33 പേരാണ് ഐസിയുവിലുണ്ടായിരുന്നത് ഇവരെയെല്ലാം സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. അതിനിടെ, മേയർ വിവി രാജേഷ് മെഡിക്കൽ കോളേജിലെത്തി. വെന്റിലേറ്ററിൻ്റെ ഉള്ളിൽ നിന്നാണ് തീ കത്തിയതെന്നും ഉടൻ തന്നെ ഓക്സിജൻ കട്ട് ചെയ്തത് വലിയ അപകടം ഒഴിവാക്കിയെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പുക പരന്നതോടെ മുഴുവൻ രോ​ഗികളേയും മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ആർക്കും അപകടം സംഭവിച്ചിട്ടില്ല. ഫയർഫോഴ്സിൻ്റെ നിയന്ത്രണം തുടരുകയാണ്. മറ്റിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. എല്ലാ രോ​ഗികളും സുരക്ഷിതരാണെന്നും ആശങ്കയുടെ വകയില്ലെന്നും മേയർ പറഞ്ഞു.