വിതരണ വിഹിതം കൂട്ടിചോദിച്ചു; പേട്രിയറ്റിന് തിയറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തി ഫിയോക്

കൊച്ചി: മമ്മൂട്ടി-മോഹൻലാല്‍ ചിത്രം പേട്രിയറ്റിന് തിയറ്ററുകളില്‍ വിലക്ക്. തിയറ്ററില്‍ നിന്നുള്ള വിതരണ വിഹിതം കൂട്ടിചോദിച്ചതിനാണ് വിലക്ക്.

ചിത്രത്തിന്റെ നിർമ്മാതാക്കളുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകള്‍ക്ക് ഫിയോക് നിർദേശം. ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.

 

ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ ലാഭവിഹിതം 60:40 എന്ന നിലയിലാണ്. 60 ശതമാനം നിർമാതാവിനും 40 ശതമാനം തിയറ്റർ ഉടമകള്‍ക്കുമാണ്. രണ്ടാമത്തെ ആഴ്ച 55:45 എന്ന ശതമാനത്തിലേക്കും എത്തും. ഇങ്ങനെയാണ് സാധാരണ കരാർ. എന്നാല്‍ പേട്രിയറ്റിന് ആദ്യ രണ്ട് ആഴ്ച 60:40 എന്ന രീതിയില്‍ ലാഭവിഹിതം വേണമെന്ന് നിർമാതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സിനിമയുടെ റിലീസ് അനിശ്ചിതാവസ്ഥയിലേക്ക് എത്തിയത്.

 

ഏപ്രില്‍ 23-നാണ് ചിത്രത്തിന്റെ റിലീസ്. ആദ്യരണ്ടാഴ്ചയും 60% എന്ന കണക്കില്‍ ചിത്രം പ്രദർശിപ്പിച്ചാല്‍ തിയേറ്ററുകള്‍ക്ക് വലിയ നഷ്ടമുണ്ടാകുമെന്നാണ്‌ സംഘടനയുടെ വാദം. നേരത്തെ, മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘എമ്ബുരാൻ’ റിലീസുമായി ബന്ധപ്പെട്ടും സമാന തർക്കമുണ്ടായിരുന്നു.