ഫെന്നി നൈനാന്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടത് അധിക്ഷേപിക്കാനെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ അതിജീവിത. കൂടുതല്‍ പേര്‍ പരാതിയുമായി വരാതിരിക്കാനാണ് തലയും വാലുമില്ലാത്ത ചാറ്റുകള്‍ പുറത്തുവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ മാനസിക സമ്മര്‍ദമാണ് ഗര്‍ഭം അലസാന്‍ കാരണമായത്. രാഹുലിനെ കാണാനായാണ് നാല് മണിക്കൂര്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍ പാലക്കാട് എത്തിയിട്ടും രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല. രാഹുലിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ഫെന്നി നൈനാന്‍ പണം ആവശ്യപ്പെട്ടെന്നും അതിജീവിത വ്യക്തമാക്കി.
2024 മെയ് മാസത്തിലായിരുന്നു തനിക്ക് കുഞ്ഞിനെ നഷ്ടമാകുന്നത്. ഒരു മനുഷ്യനെ എത്രത്തോളം വേദനിപ്പിക്കാമോ അത്രയും രാഹുല്‍ തന്നെ വേദനിപ്പിച്ചു. അങ്ങനെയാണ് തനിക്ക് കുഞ്ഞിനെ നഷ്ടമായത്. കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക പ്രതിസന്ധികളിലൂടെയായിരുന്നു താന്‍ കടന്നുപോയത്. ആ സമയങ്ങളില്‍ ആത്മഹത്യ ചെയ്യണമെന്ന് തോന്നിയിരുന്നു. ഇതിനിടെ 2024 ജൂലൈയിലായിരുന്നു ഫെന്നി നൈനാനെ താന്‍ പരിചയപ്പെടുന്നത്. ഇന്‍സ്റ്റഡയില്‍ തനിക്ക് മെസേജ് അയയ്ക്കുകയായിരുന്നു. രാഹുലിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ഫെന്നി നൈനാനോട് സംസാരിച്ചത്. ഫെന്നി ആദ്യം തന്നോട് സംസാരിച്ചത് ചൂരല്‍മല ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. അതിന് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഫെന്നിയെ താന്‍ കണ്ടിരുന്നത് തന്റെ കുഞ്ഞ് അനുജനെപ്പോലെയായിരുന്നു. അന്ന് തങ്ങള്‍ എന്ത് സംസാരിച്ചുവന്നാലും അവസാനിപ്പിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പറ്റി പറഞ്ഞായിരുന്നു. നടന്ന കാര്യങ്ങളെ കുറിച്ച് രാഹുല്‍ ഫെന്നിയോട് പറഞ്ഞിരുന്നോ എന്ന് തനിക്ക് സംശയം തോന്നിയിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. ഫെന്നിയുമായുള്ള സൗഹൃദം 2025 നവംബര്‍ വരെ തുടര്‍ന്നിരുന്നുവെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.
ഇന്നലെയായിരുന്നു അതിജീവിതയുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ഫെന്നി നൈനാന്‍ പുറത്തുവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കാണാന്‍ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചെന്നും പലവട്ടം ഒഴിവാക്കാന്‍ നോക്കിയെന്നുമായിരുന്നു വാട്‌സ്ആപ്പ് ചാറ്റ് പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഫെന്നി നൈനാന്‍ പറഞ്ഞത്.
