ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യാത; മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ ഡോ. നിഖിത ബ്രഹ്മദത്തൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിൽ നിന്ന് 68 ലക്ഷം തട്ടിയ യുവതി പിടിയിൽ

പാലക്കാട്: പാലക്കാട് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ തട്ടിപ്പു നടത്തിയ യുവതി അറസ്റ്റിൽ. പാലക്കാട്ട് കാവില്‍പ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയായ യുവാവിനെ താൻ ഡോക്ടർ ആണെന്നും മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ ഡോ. നിഖിത ബ്രഹ്മദത്തൻ ആണെന്നും മനിശ്ശേരിമനയിലെ കോടികള്‍ അവകാശി ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവില്‍ നിന്നും വന്‍ തുക വാങ്ങി തട്ടിപ്പ് നടത്തിയത്.

യുവാവിനെ തറവാട്ടില്‍ ആണവകാശികള്‍ ഇല്ലാത്തതിനാല്‍ ദത്തെടുക്കുവാൻ തയ്യാറാണെന്ന് വിശ്വസിപ്പ് ദത്തെടുത്തതായി സ്റ്റമ്പ് പേപ്പറില്‍ എഴുതി നല്‍കി.

ഒരു വർഷത്തോളം തുടർന്ന സൗഹൃദത്തില്‍ ഇടയ്ക്കിടെ പരാതിക്കാരനെ താൻ ജോലി ചെയ്യുന്നതായി പറയുന്ന പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി ഡോക്ടറുടെ വേഷം ധരിച്ച്‌ യുവാവിനെ വിശ്വസിപ്പിക്കുന്നതിനായി പ്രതിയുടെ തന്നെ സഹായികളായി പ്രവർത്തിക്കുന്ന ആളുകളെ നിർത്തി അവരോട് സംസാരിച്ചു വിശ്വസിപ്പിച്ചു.

 

തുടർന്ന് താൻ നിർമ്മിക്കുന്ന ഐവിഎഫ് ആശുപത്രിയില്‍ പരാതിക്കാരനെ പാർട്ണർ ആക്കാം എന്നു പറഞ്ഞു 68 ലക്ഷം രൂപയോളം പല തവണയായി കൈപ്പറ്റി തട്ടിപ്പ് നടത്തി. ഇവര്‍ പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചു വാങ്ങുകയും ആരംഭത്തില്‍ അത് തിരിച്ചു നല്‍കുകയും അടുത്ത തവണ കൂടുതല്‍ പണം വാങ്ങിക്കുകയും തിരിച്ച്‌ നല്‍കാതെ സ്ഥലത്തുനിന്ന് മുങ്ങുകയാണ് ചെയ്യുന്നത്.

 

2023 ല്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താൻ സാധിക്കാതെ വരികയാണ് ഉണ്ടായത്. വിവിധ ജില്ലകളില്‍ പല പേരുകളിലും പല സ്ഥലത്തും ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.

 

പോലീസ് സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച്‌ അന്വേഷിച്ചതില്‍ നിന്നും ഇന്നലെ എറണാകുളം ലുലു മാളില്‍ വച്ച്‌ പ്രതി കുമരംപുത്തൂർ പയ്യനടം, കുണ്ടുതൊട്ടിക മുഹമ്മദിന്‍റെ മകള്‍ മണ്ണാർക്കാട് സ്വദേശിനി മുബീനയെ (35) അറസ്റ്റ് ചെയ്തു.

 

അറസ്റ്റ് ചെയ്യുന്ന സമയത്ത് അവരുടെ പക്കല്‍ നിന്നും ഒരു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും മറ്റും കണ്ടെത്തുകയുണ്ടായി. കേസില്‍ സഹായിയായി പ്രവർത്തിച്ചിരുന്നതും, പ്രതിയോടൊപ്പം ലിവിങ് ടുഗതറായി ജീവിച്ചുവരുന്ന രണ്ടാം പ്രതി അമ്ബലപുഴ നീർക്കുന്നം, ശ്യാം നിവാസില്‍ സന്തോഷിന്‍റെ മകന്‍ ശ്യാം സന്തോഷ് (33) നെ മുൻപ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

 

ഒമ്ബതാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യാതയുള്ള മുബീന ഡോക്ടറാണെന്ന് വിശ്വസിക്കുന്ന തരത്തില്‍ ജില്ലാ ആശുപത്രിക്ക് അകത്തുതന്നെ വെച്ച്‌ സഹായികളെ നിർത്തി പരാതിക്കാരനെ വിശ്വസിപ്പിക്കുന്ന തരത്തില്‍ പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോർച്ചറിയിലും വെച്ച്‌ കണ്ടതിനാല്‍ അവിശ്വസിക്കേണ്ടതായ സാഹചര്യം ഉണ്ടായില്ല എന്ന് പറയുന്നു.

 

സമാന രീതിയില്‍ ധാരാളം പേരില്‍ നിന്നും ഇത്തരത്തില്‍ പണംവാങ്ങിയിട്ടുണ്ട് എന്ന് അറിയുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ വി.ഹേമലത, എം. വിജയകുമാർ, എഎസ്‌ഐ ഉഷാദേവി, സീനിയർ പോലീസ് ഓഫീസർ ആര്‍.രാജീദ്, മുഹമ്മദ് ഷെറീഫ്, പ്രദീപ്, പ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

 

പ്രതിക്ക് ആലപ്പുഴ, കോഴിക്കോട് എറണാകുളം, പാലക്കാട് ടൗണ്‍ നോർത്ത് എന്നീ സ്റ്റേഷനുകളില്‍ സമാന സാഹചര്യത്തില്‍ കേസുകള്‍ ഉണ്ട്.