ഏറ്റുമാനൂര്‍ ബൈപ്പാസില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

കോട്ടയം: ഏറ്റുമാനൂർ ബൈപ്പാസില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്.

പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡില്‍ ഏറ്റുമാനൂർ കിഴക്കേനട ബൈപാസ് ജങ്ഷനില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍പെട്ട സുസുകി ആക്സസ് സ്കൂട്ടർ പൂർണമായും തകർന്ന് മുൻഭാഗം വേർപെട്ട നിലയിലായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സ്ത്രീകളടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇവർക്ക് കാര്യമായി പരുക്കുകളില്ല. സ്കൂട്ടർ യാത്രികൻ കിഴക്കേനട ബൈപ്പാസ് ജങ്ഷനിലെ റോഡ് ചുറ്റി യാത്ര ചെയ്യുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.