ഏറ്റുമാനൂർ – എറണാകുളം റോഡിലെ അപകട വളവുകൾ നിവരുന്നു; പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചു; വെളിച്ചം കാണുന്നത് ഒന്നര പതിറ്റാണ്ടിലധികമായി കടലാസിൽ ഒതുങ്ങിയ പദ്ധതി

കുറുപ്പന്തറ: ഏറ്റുമാനൂർ – എറണാകുളം റോഡിലെ അപകട വളവുകൾ നിവർക്കാനുള്ള പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചു. ഒന്നര പതിറ്റാണ്ടിലധികമായി കടലാസിൽ കിടന്നിരുന്ന പദ്ധതിക്കാണ് ജീവൻ വച്ചിരിക്കുന്നത്. 2008-2009 കാലഘട്ടത്തിലാണ് 19 അപകടവളവുകൾ നിവർത്തുന്ന പദ്ധതിക്കു രൂപം നൽകിയത്.

50 ലക്ഷം രൂപയുടെ അനുമതിയാണ് ആദ്യം നൽകിയത്. തുടർന്ന് വസ്തു‌ ഉടമകളുടെ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സർക്കാരിലേക്ക് സമർപ്പിച്ചു. ഏറ്റെടുക്കേണ്ട 48 വസ്തു ഉടമകളുമായി പലതവണ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. പലവിധ കാരണങ്ങളാൽ പദ്ധതി നടക്കാതെ നീണ്ടുപോയി.

പൊതുമരാമത്ത് വകുപ്പ്, റവന്യു, സർവേ വകുപ്പുകളാണ് സ്ഥലം ഏറ്റെടുപ്പിന് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ മെല്ലെപ്പോക്കു മൂലം ഏറ്റവും അപകടകരമായ കുറുപ്പന്തറ പുളിന്തറ വളവിൽ വാഹനാപകടങ്ങളിൽ ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ പന്ത്രണ്ടിലധികം പേരാണ് ഈ വളവിലുണ്ടായ വാഹനാപകടത്തിൽ മാത്രം മരിച്ചത്.

വളവുകൾ 19

കോട്ടയം -എറണാകുളം റോഡിൽ 19 അപകട വളവുകളാണുള്ളത്. പുളിന്തറ വളവ്, കുറുപ്പന്തറ പോസ്‌റ്റ് ഓഫിസ് വളവ്, ടൗൺ വളവ്, മാഞ്ഞൂർ മിൽക് സൊസൈറ്റി വളവ്, ആറാം മൈലിലെ നാല് വളവ്, പട്ടാളമുക്ക് വളവ്, മുട്ടുചിറ ഞായപ്പള്ളി വളവ് എന്നിവിടങ്ങളിലാണ് അപകടങ്ങൾ പതിവായി നടക്കുന്നത്. കുത്തു വളവുകളും അശ്രദ്ധയും അമിത വേഗവുമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം.