ശബരിമല തീർത്ഥാടനം ആരംഭിക്കാൻ 15 ദിവസം മാത്രം; എരുമേലി ചേനപ്പാടി പഴയിടം റോഡ് തകർന്ന് തരിപ്പണമായി; അധികാരികളോട് പല തവണ പറഞ്ഞിട്ടും കേട്ട ഭാവമില്ല; ഗതികെട്ട നാട്ടുകാർ ശവപ്പെട്ടിയുമായി ഘോഷയാത്ര നടത്തി; വീഡിയോ കാണാം

കോട്ടയം: എരുമേലി ചേനപ്പാടി പഴയിടം റോഡ് തകർന്ന് തരിപ്പണമായിട്ട് നാളുകൾ ഏറെയാവുകയാണ്.

അധികാരികളോട് പല തവണ പറഞ്ഞിട്ടും അവർ കേട്ട ഭാവമില്ല. ഗതികെട്ട നാട്ടുകാർ ശവപ്പെട്ടിയുമായി ഘോഷയാത്ര നടത്തി.
ചേനപ്പാടി എസ് എം വെെ എം യുവദീപ്തി കുടെ നേതൃത്വത്തിൽ
റോഡിൽ ശവപ്പെട്ടി വച്ച് പ്രതിഷേധിച്ചു.

ശബരിമലയിലേക്കുള്ള പ്രധാന റോഡാണ് ഇത്. ശബരിമല തീർത്ഥാടനം ആരംഭിക്കാൻ 15 ദിവസം മാത്രം ബാക്കി നിൽക്കെയാണ് റോഡിൻ്റെ അവസ്ഥ ഇത്രയും മോശമായത്.

പ്രദേശത്ത് നിന്ന് മറുകരയിൽ എത്താനുള്ള കോസ് വേയും തകർന്ന അവസ്ഥയിലാണ്. മണിമലയാറ്റിൽ ജലനിരപ്പുയർന്നാൽ മറുകര എത്തുക അസാധ്യമാണ്.

ബസ് യാത്രയ്ക്കായി കാഞ്ഞിരപ്പള്ളി – മണിമല റോഡിലെത്താൻ ആറിനു മറുകരയുള്ളവരും സ്കൂള്‍ കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഈ കോസ്‌വേയെ ആശ്രയിക്കുന്നത്.
മഴക്കാലമായാല്‍ ഇതുവഴി ആളുകള്‍ സഞ്ചരിക്കുന്നത് ജീവൻ പണയംവച്ചാണ്.

കലി തുള്ളിയൊഴുകുന്ന മണിമലയാറിലെ ജലനിരപ്പ് ഏതു നിമിഷവും അപകടകരമായി ഉയരും. കിഴക്ക് ശക്തമായി മഴ പെയ്താല്‍ കോസ്‌വേ വെള്ളത്തിനടിയിലാകും. പിന്നെ ആറിന്‍റെ മറുകര കടക്കണമെങ്കില്‍ ജലനിരപ്പ് താഴുന്നതുവരെ കാത്തുനില്‍ക്കണം.