എരുമേലി സ്വദേശിയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞയാൾ വർഷങ്ങൾക്കുശേഷം പോലീസ് പിടിയിൽ

എരുമേലി: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി.

കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ മുഞ്ഞനാട്ടുപറമ്പിൽ വീട്ടിൽ അൻസാരി കെ. ഐ (70) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേർന്ന് 2019 ഫെബ്രുവരി 26 വൈകിട്ടോടുകൂടി മുറുക്കാൻ കട നടത്തുന്ന എരുമേലി സ്വദേശിയെ കൊരട്ടി പാലത്തിനു സമീപമുള്ള കുളിക്കടവിനു അടുത്തുള്ള ഷെഡിൽ വെച്ച് പട്ടിക കഷണം കൊണ്ട് ആക്രമിച്ച കേസില്‍ എരുമേലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഒളിവിൽ പോവുകയുമായിരുന്നു.

ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ സുനില്‍കുമാര്‍ ,എ.എസ്.ഐ സിബി, സി.പി.ഓ സിജി കുട്ടപ്പന്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.