ആലപ്പുഴ: ജില്ലയുടെ വിവിധഭാഗങ്ങളില്‍ ചെറുകിട കച്ചവടക്കാരുടെ ഒത്താശയോടെ വ്യാജ സിഗരറ്റുകള്‍ സുലഭമായി വിറ്റഴിക്കപ്പെടുന്നതായി വിവരം.
യഥാർത്ഥ സിഗരറ്റ് വിറ്റാല്‍ കച്ചവടക്കാരന് ലഭിക്കുന്നത് ഒരു രൂപ ലാഭമാണെങ്കില്‍, വ്യാജനെ വിറ്റാല്‍ നാല് രൂപ പോക്കറ്റിലെത്തും. ഒറിജിനലിനെ വെല്ലുന്ന പാക്കിങ്ങോടെ എത്തുന്ന വ്യാജ സിഗരറ്റുകള്‍ തിരിച്ചറിയാൻ പ്രയാസമാണ്.
മുൻകാലങ്ങളില്‍ വ്യാജ സിഗരറ്റുകളും, വിദേശ സിഗരറ്റുകളും വിവിധ കടകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി വ്യാജന്മാർ എക്സൈസിന്റെ വലയില്‍ കുടുങ്ങിയിട്ടില്ല. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവോടെയാണ് സിഗരറ്റ് വലിക്കുന്നതെങ്കിലും, വലിച്ചുകയറ്റുന്നതിലേറെയും വ്യാജനാണെന്ന് പല ഉപഭോക്താക്കളും തിരിച്ചറിയാറില്ല.
ആലപ്പുഴ നഗരത്തിലെ കടകളില്‍ വ്യാജസിഗരറ്റുകള്‍ എത്തിക്കുന്നതിന് സ്ഥിരം ഏജന്റ് പ്രവർത്തിക്കുന്നതായാണ് വിവരം. കൂടാതെ ആലുവാ മാർക്കറ്റില്‍ നിന്നുള്ള വിദേശ സിഗരറ്റുകളും ജില്ലയില്‍ സുലഭമായി വിറ്റഴിക്കപ്പെടുന്നുണ്ട്. കോട്ടയം ചങ്ങനാശ്ശേരി മാർക്കറ്റുകളിലും വ്യാജ സിഗരറ്റുകൾ സുലഭമായി വിറ്റഴിക്കപ്പെടുന്നുണ്ട്.
അടുത്തിടെ കൊച്ചിയില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ കമ്പോഡിയയിൽ നിന്നെത്തിച്ച വ്യാജ സിഗരറ്റിന്റെ വൻ ശേഖരം പിടികൂടിയിരുന്നു. നാളുകളായി ആലപ്പുഴയിലെ വിപണിയില്‍ വ്യാജ സിഗരറ്റുകള്‍ വിലസുന്നുണ്ട്. പല കടകളിലും യഥാർത്ഥ സിഗരറ്റ് കിട്ടാനില്ല. പരിശോധന അനിവാര്യമാണെന്ന് ഒരു ഉപഭോക്താവ് പറഞ്ഞു.
സംസ്ഥാനത്ത് പലയിടങ്ങളിലും വിദേശ സിഗരറ്റുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴയില്‍ വ്യാജ സിഗരറ്റുണ്ടെന്ന വിവരം ലഭിച്ചാല്‍ ഉടനടി നടപടിയുണ്ടാകുമെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ ജയരാജ് പറഞ്ഞു.
ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല…
സിഗരറ്റ് പാക്കറ്റിലെ എഴുത്ത് രീതിയിലെ വ്യത്യാസം സൂക്ഷ്മപരിശോധനയില്‍ തിരിച്ചറിയാം
പക്ഷേ പലരും ഒന്നോ രണ്ടോ സിഗരറ്റായി വാങ്ങുമ്പോള്‍ പാക്കറ്റ് നോക്കാറില്ല
സിഗരറ്റിന്റെ നിറത്തിലും കട്ടിയിലും വ്യാത്യസമുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയാനാവില്ല
സിഗരറ്റിനുള്ളില്‍ നിറയ്ക്കുന്നത് താഴ്ന്ന നിലവാരത്തിലുള്ള പുകയിലയോ പുകയില ചണ്ടിയോ ആകും
സാധാരണ സിഗരറ്റിനെക്കാള്‍ വേഗത്തില്‍ കത്തി തീരും. ചുണ്ടില്‍ വയ്ക്കുന്ന ബഡ്ഡിന് തീരെ കനക്കുറവ്
