എരുമേലി: ‘സാർ കാട്ടാന മുറ്റത്ത് വരെ വന്നു, കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു, വീട്ടിൽ പാമ്പിനെ കണ്ടു… എന്തു ചെയ്യണം’ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിലെ ദുബായ് ഡ്യൂട്ടി പെയ്ഡ് ഷോപ്പിലേക്ക് കഴിഞ്ഞ ഒരു വർഷമായി രാത്രിയും പകലും ഇല്ലാതെ വരുന്ന ഫോൺ കോളുകളിൽ മിക്കതും ഇത്തരത്തിലാണ്.
ഈ ഫോൺ കോളുകൾ പതിവായതോടെയാണ് കടയുടമ അബ്ദുൽ ഷുക്കൂർ കാരണം അന്വേഷിച്ചത്. വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ എരുമേലി റേഞ്ച് ഓഫിസിലെ ലാൻഡ് ഫോൺ നമ്പറായി കൊടുത്തിരിക്കുന്നത് അബ്ദുൽ ഷുക്കൂറിന്റെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെ ലാൻഡ്ഫോൺ നമ്പറാണ്.
കോട്ടയം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ഫോൺ കോളുകൾ വരികയും പലരും വന്യജീവി ആക്രമണം പോലെ ഗൗരവമായ കാര്യങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാൻ വേണ്ടി വിളിക്കുകയാണെന്നു ബോധ്യപ്പെടുകയും ചെയ്തതോടെ അബ്ദുൽ ഷുക്കൂർ തന്റെ ഫോണിനോടു ചേർന്ന് റേഞ്ച് ഓഫിസിന്റെ ലാൻഡ് ഫോൺ നമ്പറും റേഞ്ച് ഓഫിസറുടെ ഔദ്യോഗിക മൊബൈൽ നമ്പറും എഴുതിവച്ചു.
ഇപ്പോൾ വനം വകുപ്പ് ഓഫിസിലേക്ക് വിളിക്കുന്നവർക്ക് ഈ നമ്പർ പറഞ്ഞുകൊടുക്കും. എന്നാൽ, ഈ നമ്പർ വാങ്ങി ഓഫിസിലേക്കു വിളിക്കുന്നവർ പലപ്പോഴും വീണ്ടും ഷോപ്പിലേക്ക് വിളിക്കാറുണ്ട്. റേഞ്ച് ഓഫിസിലെ ലാൻഡ് ഫോൺ തകരാറിലാണെന്നും റേഞ്ച് ഓഫിസറെ ഫോണിൽ കിട്ടുന്നില്ലെന്നുമാണു വിളിക്കുന്നവരുടെ പരാതി. ഇതോടെ കടയുടമയും ജീവനക്കാരും കൈമലർത്തും.
ദുബായ് ഡ്യൂട്ടി പെയ്ഡ് ഷോപ്പിന് അനുവദിച്ച ലാൻഡ് ഫോൺ നമ്പർ മുമ്പ് ഫോറസ്റ്റ് ഓഫിസിൽ ഉപയോഗിച്ചിരുന്ന നമ്പർ ആണെന്നും ഇത് പിന്നീട് കടയ്ക്ക് നൽകിയതാണെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ നമ്പർ മാറ്റിയിട്ടില്ല.
അതേസമയം, റേഞ്ച് ഓഫിസിലെ ഫോൺ നമ്പർ പ്രശ്നത്തിന് ഉടൻ ഉടൻ പരിഹാരം കാണുമെന്ന് കോട്ടയം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എൻ.രാജേഷ് അറിയിച്ചു. മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണത്തിനു വനം വകുപ്പ് ഫോറസ്റ്റ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ നമ്പർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം ഫോറസ്റ്റ് ഡിവിഷനിലെ പ്രശ്നങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 91884 07525.
