എരുമേലിയിൽ കണമല പാറക്കടവ് ഭാഗങ്ങളിൽ കാട്ടാന കയറി വ്യാപകമായി കൃഷി നശിപ്പിച്ചു; രാത്രി എത്തുന്ന ഒറ്റയാൻ പകൽ ആയാലും കൃഷി സ്ഥലങ്ങളിൽ നിന്ന് മടങ്ങാറില്ലെന്ന് പ്രദേശവാസികൾ

എരുമേലി: കണമല പാറക്കടവ് ഭാഗങ്ങളിൽ കാട്ടാന കയറി വ്യാപകമായി കൃഷി നശിപ്പിച്ചു. പുതിയാപറമ്പിൽ ടോമി, മേച്ചേരിതകിടിയേൽ ജോൺ ജോസഫ് എന്നിവരുടെ പുരയിടത്തിലെ കൃഷികളാണു നശിപ്പിച്ചത്. ടോമിയുടെ പുരയിടത്തിലെ കുലച്ചതും കുലയ്ക്കാത്തതുമായ 50 ഏത്തവാഴകൾ, 25 കമുക്, 10 മൂട് കൊക്കോ, പന്തൽ പയർ അടക്കമുള്ള പച്ചക്കറികൾ എന്നിവ നശിപ്പിച്ചു.

ജോൺ ജോസഫിന്റെ പുരയിടത്തിലെ കുലച്ച 25 വാഴകളാണ് നശിപ്പിച്ചത്. കമുകുകൾ, പന തുടങ്ങിയവയും തകർത്തു. വനം വകുപ്പിലും കൃഷി ഭവനിലും കൃഷിനാശം സംബന്ധിച്ച് വിവരം അറിയിച്ചതായി ടോമി പറഞ്ഞു. ശബരിമല വനത്തിൽ നിന്ന് പമ്പയാർ കടന്ന് ജനവാസ മേഖലകളിലെ കൃഷി നശിപ്പിക്കുന്ന ഒറ്റയാൻ കാട്ടാനായാണു ഈ മേഖലയിലെ സ്ഥിരം ശല്യക്കാരൻ എന്നാണ് സ്ഥലം ഉടമകൾ പറയുന്നത്. ഇത്തവണയും 2 പുരയിടങ്ങളിൽ കയറി കൃഷി നശിപ്പിച്ചത് ഈ ആനയാണ്.

ജനങ്ങളോട് അധികം ശല്യം ഇല്ലെങ്കിലും ജനവാസ മേഖലകളിലെ കൃഷി സ്ഥലങ്ങളിൽ സ്ഥിരമായി എത്തി കൃഷികൾ നശിപ്പിക്കുന്നു. മുൻപ് തള്ള ആനയുടെ കൂടെ എത്തിയിരുന്ന കുട്ടിക്കൊമ്പനാണിതെന്നു നാട്ടുകാർ പറയുന്നു. കുരുമ്പൻമൂഴി വനമേഖലയിൽ തള്ള കാട്ടാന ചരിഞ്ഞു. ഇതൊടയാണ് ഒറ്റയ്ക്ക് എത്തുന്നത്. രാത്രി എത്തുന്ന ഒറ്റയാൻ പകൽ ആയാലും കൃഷി സ്ഥലങ്ങളിൽ നിന്ന് മടങ്ങാറില്ല.

നാട്ടുകാർ പടക്കം പൊട്ടിച്ചാണ് പമ്പയാർ കടത്തി വിടുന്നത്. സൗരോർജ വേലി കമ്പുകൾ കൊണ്ട് അടിച്ച് തകർത്തിട്ടാണ് ഈ കാട്ടുകൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങുന്നത്. കണമല, പാറക്കടവ്, ഇടകടത്തി, അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി തുടങ്ങിയ മേഖലകളിലെ ജനവാസ മേഖലകളിൽ എത്തുന്നതും ഈ കൊമ്പൻ തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥിരം ശല്യക്കാരനായ ഈ ആനയെ ഈ മേഖലയിൽ നിന്ന് സുരക്ഷിതമായ മറ്റ് വനമേഖലയിലേക്കു മാറ്റിയാൽ കൃഷിനാശം കുറയുമെന്നും നാട്ടുകാർ പറയുന്നു.